യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍.
ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നതായാണ് വിവരം.
വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് മണിക്കൂര്‍ കൊണ്ട് ഒരുക്കിയ ഒരു രണ്ട് മണിക്കൂര്‍ സിനിമയായിരുന്നു ”വിപ്ലവം ജയിക്കാനുള്ളതാണ്” എന്ന ചിത്രം. നിഷാദ് തന്നെയാണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത്.