
‘ഇടതുപക്ഷം വലതുപക്ഷം’ എന്നു പറയുന്നതു പോലുള്ള ഒരു രാഷ്ട്രീയം മാത്രമല്ല തനിക്കുള്ളതെന്ന് വ്യക്തമാക്കി നടി നിഖില വിമൽ. എല്ലാ കാര്യങ്ങളിലും ഒരു രാഷ്ട്രീയം ഉണ്ടാകണമെന്ന അഭിപ്രായക്കാരിയാണ് താനെന്നും, രാഷ്ട്രീയം തുറന്നു പറയുന്നതും പറയാതിരിക്കുന്നതും ഓരോരുത്തരുടെ ഇഷ്‌ടമാണെന്നും നിഖില പറഞ്ഞു. കൂടാതെ സിനിമയിൽ അവകാശങ്ങൾ ചോദിച്ചുവാങ്ങേണ്ടതാണെന്നും, ഇന്ന് ഓരോ ആവശ്യങ്ങൾ ഉന്നയിച്ചാൽ അത് ഭാവിയിലുള്ള അഭിനേതാക്കൾക്കെങ്കിലും കിട്ടുമെന്നും നിഖില കൂട്ടിച്ചേർത്തു. നോരമ ഹോർത്തൂസിന്റെ വേദിയിൽ ‘ഫ്രെയിമുകൾക്കപ്പുറം ഇപ്പുറം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു നിഖില.
“ഇടതുപക്ഷം വലതുപക്ഷം’ എന്നു പറയുന്നതു പോലുള്ള ഒരു രാഷ്ട്രീയം മാത്രമല്ല എനിക്ക് ഉള്ളത്. എല്ലാ കാര്യങ്ങളിലും ഒരു രാഷ്ട്രീയം ഉണ്ടാകണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. രാഷ്ട്രീയം തുറന്നു പറയുന്നതും പറയാതിരിക്കുന്നതും ഓരോരുത്തരുടെ ഇഷ്‌ടമാണ്. എന്ത് ചോയ്‌സായാലും അതിനെ ഞാൻ ബഹുമാനിക്കുന്നു.” നിഖില പറഞ്ഞു.
‘എന്റെ കാരവൻ കൂടെയുള്ള ആർക്കെങ്കിലും ആവശ്യമാണെങ്കിൽ ഞാൻ കൊടുക്കാറുണ്ട്. കാരണം എനിക്ക് അതിനെപ്പറ്റി ബോധ്യമുണ്ട്. എന്നാൽ ചിലയിടത്ത് കാരവൻ ഇടാനുള്ള സ്‌ഥലം പോലും ഉണ്ടാവില്ല. നമ്മുടെ സിനിമകളുടെ ബഡ്‌ജറ്റ് വച്ചിട്ട് കാരവന് വേണ്ടി മാത്രം അത്രയും ചിലവാക്കുന്ന അവസ്‌ഥയിൽ നമ്മൾ എത്തിയിട്ടില്ല. ഒരു നല്ല റൂമും ബാത്റൂം സൗകര്യവും നിങ്ങൾക്ക് ചേദിക്കാം. അതു വരെ ചോദിക്കാൻ പേടിയുള്ള ആൾക്കാർ ഇപ്പോഴും ഉണ്ട്. നമുക്ക് മുന്നേയുള്ളവർ ചോദിച്ചത് കൊണ്ടാണ് ഇന്നീ കാണുന്നതൊക്കെ നമുക്ക് കിട്ടിയത്. ഇന്ന് ഓരോ ആവശ്യങ്ങൾ നമ്മൾ ഉന്നയിച്ചാൽ അത് ഫ്യൂച്ചറിൽ ഉള്ള ആളുകൾക്കെങ്കിലും കിട്ടും’. നിഖില വിമൽ കൂട്ടിച്ചേർത്തു.