ത്രില്ലിംഗാണ് ഈ നൈറ്റ് ഡ്രൈവ്

അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് ഒരുക്കിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. അഭിലാഷ് പിള്ള എന്ന തിരക്കഥാകൃത്തിന്റെ തിയേറ്ററിലെത്തിയ കന്നി സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ദിവസം നടക്കുന്ന കഥയെന്ന രൂപത്തിലാണ് നൈറ്റ് ഡ്രൈവ് ഒരുക്കിയിട്ടുള്ളത്. വളറെ പതിഞ്ഞ താളത്തില്‍ പോകുന്ന ആദ്യ പകുതിയില്‍ നിന്ന് ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ തീര്‍ത്തും നാടകീയതയാല്‍ പ്രേക്ഷകനെ കെട്ടിയിടാന്‍ തിരക്കഥാകൃത്തിനായിട്ടുണ്ട്. വൈശാഖിന്റെ സ്ഥിരം സിനിമകളുടെ ജോണറുകളെ ബ്രെയ്ക്ക് ചെയ്ത് തിരക്കഥ ആവശ്യപ്പെടുന്ന മെയ്്ക്കിംഗിനാല്‍ ചിത്രത്തെ വൈശാഖ് ജീവസ്സുറ്റതാക്കി മാറ്റി. വര്‍ത്തമാന രാഷ്ട്രീയത്തെ അല്ലെങ്കില്‍ ഇവിടത്തെ നടപ്പുരീതികളെ കൃത്യമായി വരച്ചിടുന്നുണ്ട് സിനിമ. സ്ത്രീപക്ഷ നിലപാടുകള്‍ക്കൊപ്പമുള്ള സംഭാഷണങ്ങളുള്‍പ്പെടെ തിരക്കഥയിലെ ബ്രില്ല്യന്‍സ് അഭിലാഷ് പിള്ളയ്ക്ക് തീര്‍ച്ചയായും മലയാള സിനിമയിലിടമുണ്ടെന്ന് തന്നെ തെളിയിക്കുന്നതാണ്. അമലപോള്‍ നിര്‍മ്മിച്ച് അഭിനയിക്കുന്ന തമിഴ് സിനിമ കഡാവര്‍ റിലീസിനൊരുങ്ങി നില്‍ക്കുന്ന അഭിലാഷ് ചിത്രമാണ്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവും അഭിലാഷിന്റെ രചനയിലാണ് ഒരുങ്ങുന്നത്.

ചിത്രത്തിലെ രഞ്ജിന്‍ രാജിന്റെ പശ്ചാതലസംഗീതവും സിനിമയിലെ ഒരു ഗാനവുമെല്ലാം മനോഹരമായിരുന്നു. സുനില്‍ എസ് പിള്ളയുടെ ചിത്രസംയോജനവും, ഷാജി കുമാറിന്റെ ഛായാഗ്രഹണവുമെല്ലാം സിനിമയെ സമ്പന്നമാക്കി. മാഫിയ ശശിയുടെ സംഘട്ടന രംഗവും നല്ല രീതിയില്‍ തന്നെയാണ് അനുഭവപ്പെട്ടത്. തിയേറ്ററില്‍ നിന്നിറങ്ങി പോരുമ്പോള്‍ സിനിമ പ്രേക്ഷകനില്‍ ബാക്കി വെക്കുന്ന കാഴ്ച്ചകളെ കൂട്ടിയിണക്കിയ രണ്ടാംപകുതി തന്നെയാണ് നൈറ്റ് ഡ്രൈവിന്റെ ഫിനിഷിംഗ് പോയിന്റ് എന്ന് പറയുന്നത്. റോഷന്‍ മാത്യു, അന്ന ബെന്ഡ, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, മുത്തുമണി, സുരഭി, സന്തോഷ് കീഴാറ്റൂര്‍ എന്നിവരെല്ലാം കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. ഒരു ഇഠവേളയ്ക്ക് ശേഷം കൈലാഷിനെ നല്ലൊരു കഥാപാത്രമായ.യി കാണാനും ചിത്രം അവസരമൊരുക്കി. ബജറ്റിനുമപ്പുറം കാമ്പുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായകമാകുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ നൈറ്റ് ഡ്രൈവ്. ഓരോ കഥാപാത്രങ്ങളുടെ നിര്‍മ്മിതിയിലും അവരുടെ പശ്ചാതലമുള്‍പ്പെടെ കൃത്യമായ അവസരത്തിലൂടെ പറഞ്ഞ ശൈലിയെല്ലാം തന്നെ നന്നായിരുന്നു. കുടുംബപ്രേക്ഷഖരെയുള്‍പ്പെടെ എല്ലാതരത്തിലുള്ള പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള സിനിമയാണ് നൈറ്റ്‌ഡ്രൈവ്‌.