
നാമനിർദേശത്തിലും വോട്ടിംഗിലും കൂടുതൽ ഉത്തരവാദിത്തവും അറിവും ഉറപ്പാക്കുന്നതിനായി, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. 98-ാമത് ഓസ്കർ അവാർഡിനായി വോട്ടിങ് തുടങ്ങുന്നതിനുമുമ്പാണ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. ഇനി മുതൽ, നാമനിർദേശത്തിലേക്ക് എത്തിയ ഓരോ വിഭാഗങ്ങളിലേയും സിനിമകൾ കാണുക എന്നത് അക്കാദമി അംഗങ്ങൾക്ക് നിർബന്ധമായിരിക്കും. ഇതുവരെ, സിനിമകൾ കാണാൻ അംഗങ്ങളെ പ്രേരിപ്പിച്ചിരുന്നെങ്കിലും, അതിൽ നിന്നുണ്ടായിരുന്ന അലസത കണക്കിലെടുത്താണ് പുതിയ നീക്കം. പല വോട്ടർമാരും ചിത്രങ്ങൾ കണ്ടുപോലും നോക്കാതെ വോട്ട് ചെയ്യുന്നത് അവാർഡുകളുടെ ഫലത്തെ നേരിട്ട് ബാധിക്കുന്നുവെന്നാണ് പരാതികൾ.
ബാഫ്റ്റ (BAFTA) നിലവിൽ പ്രയോഗിക്കുന്ന പ്രക്രിയയ്ക്ക് സമാനമായാണ് ഈ പുതിയ സംവിധാനം. കൂടുതൽ നീതിയുള്ള തീരുമാനങ്ങളിലൂടെ യഥാർത്ഥ കലാപരമായ മികവിന് അംഗീകാരം നൽകുക എന്നതാണ് ലക്ഷ്യം. മറ്റൊരു പ്രധാന മാറ്റം മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലും വരുന്നു. അഭയാർത്ഥികളായോ രാഷ്ട്രീയ അഭയം തേടിയവരായോ ഉള്ള ചലച്ചിത്ര പ്രവർത്തകർ ഇനി മുതൽ അവർ താമസിക്കുന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾക്ക് മുൻഗണന നൽകേണ്ടതാണ്.ഇഷ്ടമുള്ള വ്യക്തികൾക്ക് അവരുടെ പശ്ചാത്തലഭേദം അനുസരിച്ച് സമത്വപരമായ അവസരങ്ങൾ ഉറപ്പാക്കാനാണ് ഈ തീരുമാനം. നിർമിത ബുദ്ധിയുടെ (AI) ഉപയോഗം ചലച്ചിത്ര നിർമ്മാണത്തിൽ വന്നു കൊണ്ടിരിക്കെ, അക്കാദമി അതിനേക്കുറിച്ചും നിലപാട് വ്യക്തമാക്കി. AI ഉപയോഗം നാമനിർദ്ദേശം അയോഗ്യമാക്കില്ലെന്നും, സിനിമയുടെ സൃഷ്ടിപരമായ ഗുണമേന്മയാണ് പ്രധാന പരിഗണനയാകുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2026 ജനുവരി 12 മുതൽ 16 വരെയായിരിക്കും നാമനിർദ്ദേശ വോട്ടിംഗ് നടക്കുക. ജനുവരി 22-ന് ഔദ്യോഗിക നാമനിർദ്ദേശങ്ങൾ പ്രഖ്യാപിക്കും. ഫെബ്രുവരി 10-ന് നോമിനീസ് ലോഞ്ചിയൻ നടക്കും. പുതിയ നിയമങ്ങൾ ഉൾപ്പെടെ, നാമനിർദേശ സമർപ്പണത്തിനുള്ള സമയപരിധികളിലും അനേകം വിഭാഗങ്ങളിലായി മാറ്റങ്ങൾ വരുത്തിയതായി അക്കാദമി അറിയിച്ചു. 2026 മാർച്ച് 15-ന് നടക്കുന്ന ഓസ്കാർ അവാർഡ് ചടങ്ങ് പ്രശസ്ത ഹോസ്റ്റായ കോനൻ ഓ’ബ്രയൻ ആകും അവതരിപ്പിക്കുക. അവാർഡിന്റെ വിശ്വാസ്യതയും ഗൗരവവും നിലനിർത്തുന്നതിനുള്ള വലിയ കാൽവെയ്പാണ് ഈ നടപടികളെന്ന് സംഘടന അറിയിച്ചു.
ഓസ്കാർ എന്നറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് നൽകുന്ന പുരസ്കാരമാണ്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്.ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയർബാങ്ക്സ്, സംവിധായകൻ വില്യം സി. ഡെമിൽ എന്നിവരാണ് അന്നത്തെ പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്. ബെൻഹർ(1959), ടൈറ്റാനിക്(1997), ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്(2003) എന്നീ ചിത്രങ്ങൾ ഏറ്റവുമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാർ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരനായ ഭാനു അത്തയ്യ 1985ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും, 1992ൽ സത്യജിത് റേ സ്പെഷ്യൽ ഓസ്കാറും സ്വന്തമാക്കി.
2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന ചടങ്ങ് 2009 ഫെബ്രുവരി 22ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് എ.ആർ. റഹ്മാനും മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് റസൂൽ പൂക്കുട്ടിക്കും ലഭിച്ചു. ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്ല്യണയർ മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി