ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ആലപ്പുഴ സ്വദേശി കെ. ഫിറോസ് എന്നിവരെയാണ് ഏക്സൈസ് സംഘം മൂന്നു കിലോ, രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. സിനിമാ, ടൂറിസം മേഖലയിലുളളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു. നടന്‍മാരായ ശ്രീനാഥ് ഭാസിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും പേരുകള്‍ തസ്ലിമ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ അറസ്റ്റ് ഭയന്ന് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിചിട്ടുണ്ടായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണെന്ന് തസ്ലിമ മൊഴി നൽകിയിരുന്നു. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്സൈസിന് ലഭിച്ചിരുന്നു. തസ്ലീമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിക്കുന്നതും, ശ്രീനാഥ് ഭാസി വെയ്റ്റ് എന്ന് മറുപടി നൽകിയ ചാറ്റും പൊലീസ് കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായുള്ള പ്രതികളുടെ ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. തസ്ലീമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്.
താനും സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാൽ ഈ കേസുമായി അവർക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് തസ്ലീമ പറഞ്ഞിരുന്നത്. എന്നാൽ, സിനിമാ മേഖലയിലുള്ളവർക്ക് ലഹരി എത്തിച്ചുനൽകുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നായിരുന്നു പൊലീസിന്റെ നിഗമനം.ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്.മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപന നടത്താനാണ് തസ്ലിമ ആലപ്പുഴയിൽ എത്തിയത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്ലീമയുടെ ഭർത്താവിനെയും എക്സൈസ് പിടികൂടിയിരുന്നു. തമിഴ്‌നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയായിരുന്നു ഇയാള്‍.
സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്‌ലീമയെ പിടികൂടിയതിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.
ലഹരി ഉപയോഗ കേസിൽ ഷൈൻ ടോം ചാക്കോയുടെ പേര് വരുന്നത് ഇതാദ്യമായിട്ടല്ല. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ലഹരിഉപയോഗിച്ച് ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്നാരോപിച്ച് നടി വിൻസി അലോഷ്യസ് സിനിമ സംഘടനയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും ഷൈനിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് രണ്ടാളുടെ ആൾ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇന്നലെ ഐ സി സി ക്ക് മുൻപാകെ ഇരുവരും ഹാജരായിരുന്നു. അവിടെവെച് ഷൈൻടോം ചാക്കോ മാപ്പുപറയുകയും വിൻസി ഒത്തു തീർപ്പിനു തയ്യാറാവുകയും ചെയ്തിരുന്നു.സിനിമ ലഭിച്ചില്ലെങ്കിലും വേണ്ട ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ താനിനി അഭിനയിക്കില്ല എന്ന നിലപാട് കുറച്ചു ഡിയോവസങ്ങൾക്കു മുൻപേ വിൻസി വ്യക്തമാക്കിയിരുന്നു.താരത്തിന് പിന്തുണയുമായി സിനിമയിലെ ഡബ്‌ള്യൂഡിസി അടക്കമുള്ള സങ്കടനകൾ മുന്നോട്ട് വന്നിരുന്നു.ഷൈൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതോടെയും, വിൻസി ഷൈനിനെതിരെ ഇപ്പോൾ പരാതിയില്ലെന്ന് വ്യക്തമാക്കിയതോടെയുമാണ് തീരുമാനം. ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞതായും സിനിമയുമായി സഹകരിക്കാനാണ് തീരുമാനമായതെന്നും ഐ സി സി അറിയിച്ചു. ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.