
നെറ്റ്ഫ്ലിക്സ് ആദ്യമായി എടുത്ത മലയാള ചിത്രം ആടായിരുന്നുവെന്ന് വെളിപ്പെടുത്തി സിനിമയുടെ നിർമാതാവും നടനുമായ വിജയ് ബാബു. നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ഇതെന്നും, നാല് വര്‍ഷത്തേക്കാണ് റൈറ്റ്സ് കൊടുത്തിരുന്നതെന്നും വിജയ് ബാബു പറഞ്ഞു. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നെറ്റ്ഫ്ലിക്സ് ആദ്യമായി എടുത്ത മലയാള ചിത്രമായിരുന്നു ആട്. നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ഇത്. നാല് വര്‍ഷത്തേക്കാണ് അന്ന് നമ്മള് കൊടുത്തത്. ആ റൈറ്റ്സ് എന്റെ കൈയില്‍ തിരിച്ചുവന്നു. ഇപ്പോള്‍ എന്റെ കൈയിലാണ് ആ റൈറ്റ്സ് ഇരിക്കുന്നത്. അതുകൊണ്ട് മൂന്നാം ഭാഗത്തിന്റെ പ്ലാന്‍ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ആദ്യ ഭാഗം യുട്യൂബില്‍ ഇട്ടു’. വിജയ് ബാബു പറഞ്ഞു.
‘2016 ല്‍ ആയിരുന്നു നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ലോഞ്ച്. റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷം ചിത്രം യുട്യൂബില്‍ റീലീസ് ചെയ്തപ്പോൾ 12 മില്യണ്‍ വ്യൂവര്‍ഷിപ്പ് വന്നു. എന്നാൽ നെറ്റ്ഫ്ലിക്സില്‍ ചിത്രം എത്ര പേര് കണ്ടിട്ടുണ്ടാവുമെന്ന കണക്ക് അവര്‍ തരില്ല.’ വിജയ് ബാബു കൂട്ടിച്ചേർത്തു.
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രം ഇന്ന് ഈദ് റിലീസ് ആയി എത്തിയിട്ടുണ്ട്.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.