ഫര്‍ഹാന്‍ അഖ്‍തറുമായി കരാറൊപ്പിട്ട് നെറ്റ്ഫ്ളിക്സ്; ‘ഡബ്ബ കാര്‍ട്ടെല്‍’ ആദ്യ സിരീസ്

','

' ); } ?>

ഫര്‍ഹാന്‍ അഖ്തര്‍, റിതേഷ് സിധ്വാനി എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ എക്‌സെല്‍ എന്റര്‍ടെയ്ന്‍മെന്റുമായി കരാറില്‍ ഒപ്പിട്ട് നെറ്റ്ഫ്‌ളിക്‌സ്. ഇതുപ്രകാരം നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി എക്‌സെല്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് നിരവധി പ്രോജക്റ്റുകള്‍ ഒരുക്കും. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന രണ്ട് സിരീസുകളുടെ പേരും പുറത്തെത്തിയിട്ടുണ്ട്. ‘ഡബ്ബ കാര്‍ട്ടെല്‍’, ‘ക്വീന്‍ ഓഫ് ദ് ഹില്‍’ എന്നിവയാണ് ആദ്യമെത്തുന്ന സിരീസുകള്‍.

ഒരു രഹസ്യ കാര്‍ട്ടെല്‍ നടത്തുന്ന അഞ്ച് വീട്ടമ്മമാരുടെ കഥയാണ് ‘ഡബ്ബ കാര്‍ട്ടെല്‍’. 1960കളിലെ ബോംബെയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിരീസ് ആണ് ‘ക്വീന്‍ ഓഫ് ദ് ഹില്‍’. വലിയ പ്രതീക്ഷകളുമായി ജീവിയ്ക്കുന്ന രണ്ട് സ്ത്രീകള്‍ക്കിടയിലെ ബന്ധം നഗരത്തെ തന്നെ മാറ്റിമറിക്കുന്നതാവുന്നതാണ് സിരീസിന്റെ പ്രമേയം.

എക്‌സെല്‍ എന്റര്‍ടെയ്ന്‍മെന്റുമായുള്ള സഹകരണം നെറ്റ്ഫ്‌ളിക്‌സിനെ സംബന്ധിച്ച് ഏറെ ആവേശം കൊള്ളിക്കുന്നതാണെന്ന് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെര്‍ഗില്‍ പറഞ്ഞു. ‘വിനോദത്തിന്റെ അതിരുകള്‍ നിരന്തരം മറികടക്കാന്‍ ശ്രമിച്ച നിര്‍മ്മാണക്കമ്പനിയാണ് എക്‌സെല്‍ എന്റര്‍ടെയ്ന്‍മെന്റ്. കാലത്തെ അതിജീവിക്കുന്ന പല കഥകളും അവര്‍ ഇതിനകം പറഞ്ഞിട്ടുണ്ട്. അവരെ നെറ്റ്ഫ്‌ളിക്‌സിലേക്ക് സ്വാഗതം ചെയ്യാന്‍ ഏറെ സന്തോഷമുണ്ട്’, മോണിക്ക ഷെര്‍ഗില്‍ പറയുന്നു. നിര്‍മ്മാണക്കമ്പനി ആരംഭിച്ച് 20 വര്‍ഷത്തിനു ശേഷം സംഭവിക്കുന്ന നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാര്‍ ഏറെ ആഹ്‌ളാദം പകരുന്നതാണെന്നും ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകരിലേക്കും ഇതിലൂടെ എത്താനാവുമെന്നും ഫര്‍ഹാന്‍ അഖ്തറും റിതേഷ് സിധ്വാനിയും ചേര്‍ന്നിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഫര്‍ഹാന്‍ അഖ്തറിന്റെ തന്നെ സംവിധാനത്തില്‍ 2001ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദില്‍ ചാഹ്താ ഹെ’യിലൂടെ നിര്‍മ്മാണരംഗത്തെത്തിയ ബാനര്‍ ആണ് എക്‌സെല്‍ എന്റര്‍ടെയ്ന്‍മെന്റ്. ഡോണ്‍, സിന്ദഗി നാ മിലേഗി ദൊബാരാ, തലാഷ്, റയീസ്, ഗള്ളി ബോയ്, തൂഫാന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ ബാനറില്‍ പുറത്തെത്തി.