അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് നാല് മൂത്ത സഹോദരന്മാരുണ്ട്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.

ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. ജയന്‍ മരിക്കുകയും മലയാാള സിനിമയില്‍ നവോത്ഥാാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നിയോഗം പോലെ നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്. സമര്‍ത്ഥനായ ഒരു മൃദംഗം വായനക്കാരന്‍കൂടിയാണ് അദ്ദേഹം. അഭിനയത്തിനു പുറമെ ഏതാനും സിനിമകള്‍ക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമാണ്. പാച്ചി എന്ന അപരനാമത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏര്‍പ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ദേവാസുരത്തിലെ അപ്പു മാഷ്. ആരവം പോലുള്ള പഴയ ചിത്രങ്ങളില്‍ തുടങ്ങി ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള, ദേവാസുരം തുടങ്ങീ ഒരു കാലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെയെല്ലാം അവിഭാജ്യ ഘടകമായിരുന്നു. നെടുമുടി വേണു. നോര്‍ത്ത് 24 കാതം പോലുള്ള പുതിയ കാല ചിത്രങ്ങളിലും വാണിജ്യ സിനിമകളിലും പരീക്ഷണ സിനിമകളിലുമെല്ലാം ഒരേ പോലെ തന്റെ നടന മികവ് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിനായി. അവസാനം പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി പരീക്ഷണ ചിത്രത്തിലെ കഥാപാത്രത്തിലെ അഭിനയമികവ് പ്രേക്ഷകര്‍ ഒരിയ്ക്കലും മറക്കില്ല.
ദേശീയ അവാര്‍ഡുകള്‍- 1990 – മികച്ച സഹനടന്‍ (ഹിസ് ഹൈനസ് അബ്ദുള്ള), 2003 മാര്‍ഗ്ഗം (പ്രത്യേക പരാമര്‍ശം)
സംസ്ഥാന അവാര്‍ഡുകള്‍- 1987 – മികച്ച നടന്‍ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), 2003 -മികച്ച നടന്‍ (മാര്‍ഗം)
ഫിലിം ഫെസ്റ്റിവലുകളില്‍- 2005 – മാര്‍ഗം ഹവാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍, 2007 – സൈര മികച്ച നടന്‍ സിംബാബ്‌വേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍