
മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെ പ്രചോദനകരമായ സ്റ്റോറി പങ്കുവെച്ച് നടി നസ്രിയ നസീം. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കു എന്നു പറയുന്ന ഇംഗ്ലിഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നും കുറച്ച് കാലമായി വിട്ടുനിൽക്കുന്ന നസ്രിയ നസീം ഏറ്റവും ഒടുവിലായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച സ്റ്റോറിയാണിത്.
“ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. വാഷിങ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്ക് പ്ലേയർ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേർസ് എന്നിവ തിരഞ്ഞെടുക്കുക. നല്ല ആരോഗ്യം തിരഞ്ഞെടുക്കുക. ലോ കൊളസ്ട്രോളും ഡെൻ്റൽ ഇൻഷുറൻസും. ഫിക്സഡ് ഇന്ററസ്റ്റുള്ള മോർട്ടേജ് റീപേയ്മെൻ്റ്, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ സുഹൃത്തുക്കൾ എന്നിവരെ തിരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അദ്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, രാവിലെ തന്നെ ജങ്ക് ഫുഡ് കഴിക്കുക, നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക”. എന്നിങ്ങനെയാണ് നസ്രിയയുടെ കുറിപ്പ്.
കുറച്ച് കാലമായി സിനിമകളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും നസ്രിയ വിട്ടു നിൽക്കുകയാണ്. കാരണം വിശദീകരിച്ച് ഏപ്രിലിൽ താരം രംഗത്തെത്തിയിരുന്നു. കുറച്ചുമാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള് സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ നസ്രിയ അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ ‘സൂക്ഷമദർശിനി’ ആണ് നസ്രിയയുടെ അവസാനചിത്രം. ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം സജീവമായി ഉണ്ടായിരുന്നു.
ഇൻസ്റ്റഗ്രാമിൽ 82 ലക്ഷം ഫോളോവേഴ്സ് ആണ് നസ്രിയയ്ക്കുള്ളത്. തൻ്റെ മാനസിക അവസ്ഥ അറിയിച്ചുള്ള പോസ്റ്റിനുശേഷം ഓണത്തിനു മാത്രമാണ് മറ്റൊരു പോസ്റ്റ് നടി പങ്കുവച്ചത്.