
പിണക്കത്തിലാണെന്ന ഗോസിപ്പുകൾ നില നിൽക്കെ സൗഹൃദത്തിന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് നടിമാരായ നയൻതാരയും, തൃഷയും. ഇതോടെ കാലങ്ങളായി ഇൻഡസ്ട്രിയിൽ നിന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് ഇരുവരും വിരാമമിട്ടിരിക്കുന്നത്. ബോട്ടിലിരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലെ ഔട്ട്ഫിറ്റിലാണ് നടിമാരെ ചിത്രങ്ങളിൽ കാണാനാവുക. സിനിമാ പ്രവർത്തകരും ആരാധകരുമെല്ലാം ചിത്രങ്ങളേറ്റെടുത്ത് ആഘോഷമാക്കിയിരിക്കുകയാണ്.
‘തൃഷ ഇല്ലാനാ നയൻതാര’ എന്നാണ് കമന്റുകളിലധികവും. 2015 ൽ ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘തൃഷ ഇല്ലാനാ നയൻതാര’. എഐ ആണെന്നാ ആദ്യം കരുതിയത്’, ‘ഇവരുടെ സിനിമകളിൽ പോലുമില്ലാത്ത ട്വിസ്റ്റ് ആയല്ലോ’, ‘ഉറപ്പായിട്ടും ധനുഷിന്റെ വിഷയം വന്നത് കൊണ്ടായിരിക്കും’, ‘സന്തോഷം’, ‘തൃഷ ഇല്ലെങ്കിൽ നയൻതാര ഇല്ല’ എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
വർഷങ്ങളായുള്ള ഇരുവരുടെയും പിണക്കം ഫിലിം ഫെയർ പാർട്ടിയിൽ വച്ച് അവസാനിച്ചിരുന്നു. തൃഷയായിരുന്നു ആ പിണക്കം അവസാനിപ്പിച്ചത്. അതിനെ കുറിച്ച് ഒരിക്കൽ നയൻതാര ഒരഭിമുഖത്തത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു. ‘ഞങ്ങൾ മുൻപു നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ ഒരേ ഇൻഡസ്ട്രിയിൽ ഇരിക്കുകയല്ലേ, ഞങ്ങൾക്കിടയിൽ എന്തോ സംഭവിച്ചു. എന്തൊക്കെയോ തെറ്റിദ്ധാരണകൾ. എന്താണ് പറ്റിയതെന്ന് ഞങ്ങൾക്കു രണ്ടുപേർക്കും അറിയില്ലായിരുന്നു.ഞങ്ങൾ പരസ്പരം മിണ്ടുന്നത് നിർത്തി. പക്ഷേ വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഫിലിം ഫെയർ പാർട്ടിയിൽ വച്ച് വീണ്ടും സംസാരിച്ചു. തൃഷയാണ് വന്നു സംസാരിച്ചത്. അങ്ങനെ ചെയ്തതിൽ ഞാൻ തൃഷയെ അഭിനന്ദിക്കുന്നു. അതത്ര എളുപ്പമല്ല.’ അന്ന് നയൻതാര പറഞ്ഞു.
അതേസമയം ടെസ്റ്റ് ആണ് നയൻതാരയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. രാം ചരണിനൊപ്പം പെഡ്ഡി ആണ് തൃഷയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.