
കമൽഹാസൻ ചിത്രം നായകൻ വീണ്ടും പ്രദർശനത്തിനെത്തിയത് ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹർജിയെ മറി കടന്ന്. ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നു കാണിച്ച് കർണാടക ആസ്ഥാനമായുള്ള എസ്ആർ ഫിലിം ഫാക്ടറി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിനിമയുടെ പ്രദർശനം വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് വെള്ളിയാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. സെന്തിൽ കുമാറിന്റെ ബെഞ്ച് വ്യക്തമാക്കി. ഇതേ തുടർന്ന് വ്യാഴാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രം കമലിന്റെ ജന്മദിനമായ 7 ആർത്തി വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.
2023 ജൂൺ 30 മുതൽ 2035 നവംബർ 17 വരെ ‘നായകൻ’ തിയേറ്ററുകളിലും ഡിജിറ്റൽ രൂപത്തിലും പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം തങ്ങൾക്കാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇക്കാര്യം മറച്ചുവെച്ചാണ് സിനിമയുടെ പകർപ്പവകാശമുണ്ടായിരുന്ന എടിഎം പ്രൊഡക്ഷൻസ്, സുരഭി എന്റർപ്രൈസസ്, വിഎസ് ഫിലിം ഇന്റർനാഷണൽ എന്നിവ ചേർന്ന് സിനിമ വീണ്ടും റിലീസ് ചെയ്യുന്നതെന്ന് ഹർജിയിൽ പറഞ്ഞിരുന്നത്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് എൻ. സെന്തിൽ കുമാർ ബന്ധപ്പെട്ട കക്ഷികൾക്ക് നിർദേശം നൽകി. താൻ നായകൻ 16 തവണ കണ്ടിട്ടുണ്ടെന്നും അതിലെ രംഗങ്ങൾ മനഃപാഠമാണെന്നും വാദത്തിനിടെ ജസ്റ്റിസ് സെന്തിൽ കുമാർ പറഞ്ഞു.
38വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീ റിലീസിനെത്തിയിരിക്കുന്നത്. കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ക്ലാസ്സിക് ചിത്രം കൂടിയാണ് ‘നായകൻ’. രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. 1987-ൽ പുറത്തിറങ്ങിയ ചിത്രം മുംബൈയിലെ അധോലോക നായകന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചിരുന്നത്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽ അവതരിപ്പിച്ചത്. കമല്‍ഹാസന്റെ നായകൻ ഓസ്‍കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളിൽ മുക്ത വി രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ശരണ്യയും കാർത്തികയും ഡൽഹി ഗണേശും നാസറും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ നായകനായ കമല്‍ഹാസനൊപ്പം എത്തി. ചിത്രത്തിലൂടെ അക്കൊലത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ കമൽ മികച്ച നടനായി. പി സി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. കലാസംവിധാനത്തിന് തോട്ട ധരണിയും ദേശീയ അവാര്‍ഡ് നേടി.
ചിത്രത്തിന്റെ കാസ്റ്റിംഗും ഡയലോഗുകളും ക്യാമറയും സംഗീതവുമെല്ലാം മികവുറ്റതായിരുന്നു. അതിനെല്ലാം പരസ്പരം ഒരു ബാലന്‍സ് ഉണ്ടായിരുന്നു. ഒന്നും മുഴച്ചു നില്‍ക്കാതെ മണിരത്‌നം അതിനെയെല്ലാം സമന്വയിപ്പിക്കുകയായിരുന്നു. ഇളയരാജയുടെ സംഗീതവും ആ ക്ലാസിക്കിനെ പൂര്‍ണതയില്‍ എത്തിക്കാന്‍ സഹായിച്ചു. എഡിറ്റർ: ബി.ലെനിൻ, വി.ടി വിജയൻ, ഡയലോഗ്: ബാലകുമാരൻ, അർത്ഥിത്തരണി, സൗണ്ട് മിക്സ്: എ. എസ് ലക്ഷ്മി നാരായൺ, ത്രിൽസ്: സൂപ്പർ സുബ്ബരായൻ, പ്രമോഷൻ കൺസൾട്ടൻ്റ്: സിനാൻ, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.