“പൂർത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം സങ്കടപ്പെടുത്തുന്നു”; റഹ്മാൻ

','

' ); } ?>

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന് അനുശോചനം രേഖപ്പെടുത്തി നടൻ റഹ്‌മാൻ. നവാസിന്റെ മരണം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്നും, പ്രാർത്ഥിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

“പൂർത്തിയാകാതെ പോയ ഒരു സിനിമയുടെ ദുബായിയിലെ സെറ്റിൽ വച്ചാണ്, വർഷങ്ങൾക്കു മുമ്പ്, നവാസിനെയും സഹോദരൻ നിയാസിനെയും പരിചയപ്പെടുന്നത്. ആ സിനിമയിൽ എൻ്റെ കൂട്ടുകാരൻ്റെ വേഷമായിരുന്നു നവാസിന്. പിന്നീടുള്ള കൂടിക്കാഴ്ചകൾ അപൂർവമായിരുന്നെങ്കിലും, ആ കൂട്ട് എന്നും മനസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ പൂർത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. പ്രാർത്ഥിക്കുകയല്ലാതെ എന്താണ് ചെയ്യുക?. റഹ്‌മാൻ പറഞ്ഞു.

മമ്മൂട്ടിയും, മോഹൻലാലും, ജയറാമുമടക്കമുള്ള താരങ്ങൾ നവാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം അപ്പോൾ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്വാൻ, റിഹാൻ.

ഇന്ന് ഒന്നുമുതല്‍ മൂന്നുവരെ വീട്ടിലും തുടര്‍ന്ന് അഞ്ചുവരെ ആലുവ ടൗണ്‍ മസ്ജിദിലും പൊതുദര്‍ശനമുണ്ടാവും. 5.15-ന് ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.