
“വിവാഹശേഷം അഭിനയിക്കണമോ എന്ന കാര്യത്തിൽ പ്രധാന തീരുമാനമെടുക്കേണ്ടത് തന്റെ ഭർത്താവ് ആണെന്ന” വർഷങ്ങൾക്ക് മുൻപേയുള്ള പ്രസ്താവനയെ തിരുത്തി നടി നവ്യ നായർ. “ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആരുടെയും അനുവാദം തേടേണ്ടതില്ല എന്നും, ഒരുപാട് വർഷങ്ങളായിട്ട് ശരി എന്ന് വിശ്വസിച്ചിരുന്ന ചില തെറ്റുകൾ ജീവിതത്തിൽ ഉണ്ടായിരുന്നെന്നും” നവ്യ നായർ പറഞ്ഞു. അടുത്തിടെ നൽകിയൊരഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
“ജീവിതത്തിൽ ഓരോ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ, എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്, എവിടെയാണ് തെറ്റി പോകുന്നകത് എവിടെയായിരുന്നു പ്രശ്നം എന്ന് നമ്മൾ ഇരുന്ന് ആലോചിക്കും. ചിലപ്പോൾ ആ ആലോചന വർഷങ്ങളെടുക്കും. ഞാൻ വർഷങ്ങളെടുത്തു ആലോചിക്കാൻ, ഒരുപാട് വർഷങ്ങളെടുത്തു. അങ്ങനെ ചില ആലോചനകളിലാണ് ജീവിതത്തിൽ ചില കണ്ടെത്തലുകളിൽ നമ്മളെത്തുന്നത്”.- നവ്യ നായർ പറഞ്ഞു.
“കല്യാണം കഴിക്കുന്ന സമയത്തുള്ള അഭിമുഖങ്ങളിലെല്ലാം ഞാൻ പറഞ്ഞിരുന്നു, അഡ്ജസ്റ്റ്മെന്റല്ല അണ്ടർസ്റ്റാന്റിങ് ആണ് പാട്ണേഴ്സിന്റെ ഇടയിലുണ്ടാകേണ്ടതെന്ന്. ആ പോയ്ന്റ് ഇപ്പോഴും കറക്ട് ആണ്. അത് രണ്ട് പേരും വിചാരിക്കണം. ഒരാൾ മാത്രം അണ്ടർസ്റ്റാന്റിങ് ആയാൽ ആ പ്രോസസ് മുന്നോട്ട് കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്. അടിസ്ഥാനപരമായി ഒരു മനുഷ്യന്റെ, വളരെ ബേസിക് ആയിട്ടുള്ള അവകാശങ്ങൾ, ആ അവകാശങ്ങളൊന്നും ഞാൻ മനസിലാക്കിയിട്ടുണ്ടായിരുന്നില്ല. ഞാനൊരു നടിയായിരുന്നു, പണമുണ്ടാക്കുന്ന അല്ലെങ്കിൽ വളരെ ഇൻഡിപെൻഡന്റ് ആയിട്ടുള്ളൊരു വ്യക്തിയായിരുന്നു, ഫെയ്മസ് ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നു. പക്ഷേ എനിക്കറിയില്ല, അതെന്താണ് അറിയാതിരുന്നത് എന്ന് ചോദിച്ചാൽ, ഒരുപാട് വർഷങ്ങളായിട്ട് നമ്മൾ ശരി എന്ന് വിശ്വസിക്കുന്ന ചില തെറ്റുകൾ ഉണ്ട് ജീവിതത്തിൽ. അപ്പോൾ ആ തെറ്റുകൾ, എല്ലാവരെയും പോലെ ഞാനും ആ തെറ്റുകൾ ശരിയാണെന്ന് വിശ്വസിച്ചിരുന്നു”. നവ്യ നായർ കൂട്ടിച്ചേർത്തു.
വിവാഹശേഷം അഭിനയിക്കണമോ എന്ന കാര്യത്തിൽ പ്രധാന തീരുമാനമെടുക്കേണ്ടത് തന്റെ ഭർത്താവ് ആണെന്നായിരുന്നു വർഷങ്ങൾക്ക് മുൻപുള്ള അഭിമുഖത്തിൽ നവ്യ പറഞ്ഞിരുന്നത്. “കല്യാണം കഴിഞ്ഞുള്ള തീരുമാനം തീർച്ചയായിട്ടും എന്റെയും എന്റെ ഭർത്താവ് സന്തോഷേട്ടന്റെയും കൂടി തീരുമാനമാണ്. പ്രധാന തീരുമാനമെടുക്കേണ്ടത് എന്റെ ഭർത്താവാണ്. കല്യാണത്തിന് മുൻപ് എനിക്ക് വല്ലപ്പോഴും ഒരു സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതിനാണെങ്കിൽ പോലും എനിക്കൊരു അനുവാദം തന്നതിന് എനിക്ക് വളരെ സന്തോഷമുണ്ട്. ചിലപ്പോൾ എനിക്ക് അതിശയം തോന്നും എന്നെ ഇങ്ങനെ വിട്ടല്ലോ എന്ന് ആലോചിക്കുമ്പോൾ”.- വർഷങ്ങൾക്ക് മുൻപ് ഒരഭിമുഖത്തിൽ നവ്യ പറഞ്ഞു.
പോസറ്റീവ് കമന്റുകളാണ് അധികവും നവ്യയുടെ വാക്കുകൾക്ക് വരുന്നത്. ‘അവൾ അവളുടെ മൂല്യം എന്താണെന്ന് തിരിച്ചറിഞ്ഞു’, ‘ആ കാലഘട്ടം അങ്ങനെ ആയിരുന്നു പെൺകുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്’ എന്നൊക്കെയാണ് നവ്യയുടെ വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. രത്തീന സംവിധാനം ചെയ്ത പാതിരാത്രിയാണ് നവ്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.