അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിയുമ്പോള്‍ മലയാള സിനിമയും അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഹോം, നായാട്ട്, മേപ്പടിയാന്‍, ആവാസ വ്യൂഹം, ചവിട്ട്, മൂന്നാം വളവ്, കണ്ടിട്ടുണ്ട് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിന് അഭിമാനമായത്. ഫീച്ചര്‍ നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി മൊത്തം 8 പുരസ്‌കാരങ്ങളാണ് മലയാളത്തിന് സ്വന്തമായത്. 2 പുരസ്‌കാരം നേടിയ ഹോം ആണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടിക്കൊടുത്തത്. മികച്ച മലയാള സിനിമയും മറ്റൊന്നായിരുന്നില്ല.
തിരക്കഥയിലൂടെയാണ് നായാട്ട് സിനിമ ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നായാട്ടിലൂടെ ഷാഹി കബീര്‍ സ്വന്തമാക്കി. മേപ്പടിയാനിലൂടെ പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരവും മലയാളത്തിന് സ്വന്തമായി. വിഷ്ണു മോഹനാണ് പുരസ്‌കാരം നേടിയത്. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ‘ചവിട്ട്’ സിനിമയിലൂടെ അരുണ്‍ അശോക് സോനു കെ പി സ്വന്തമാക്കി. മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷാന്ത് ഒരുക്കിയ ആവാസവ്യൂഹമായിരുന്നു.
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ രണ്ട് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആര്‍ എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവാണ് സ്വന്തമാക്കിയത്. ബെസ്റ്റ് അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരവും മലയാളത്തിനാണ് ലഭിച്ചത്. അദിതി കൃഷ്ണദാസിന്റെ ‘കണ്ടിട്ടുണ്ട്’ ആണ് പുരസ്‌കാരം സ്വന്തമാക്കിയത്.