
പ്രശസ്ത ഡോക്യുമെൻ്റെറി സംവിധായകൻ ആർ എസ് പ്രദീപ് (58) അന്തരിച്ചു. നാളെ രാവിലെ 9 മണി മുതൽ ബേക്കറി ജങ്ഷനടുത്ത് വസതിയായ 0VRA C86 ൽ പൊതു ദർശനത്തിനു ശേഷം വൈകീട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ അന്ത്യകർമങ്ങൾ നടത്തും. ദേശീയ ,സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രദീപ് കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷൻ്റെ സ്ഥാപകനായിരുന്നു.
ഡോ: എ പി ജെ അബ്ദുൾ കലാമിനെ കുറിച്ചുള്ള വിങ്സ് ഓഫ് ഫയർ , തുഞ്ചത്തെഴുത്തച്ഛൻ , അജാന്ത്രിക്ക് തുടങ്ങി പ്രശസ്തമായ നൂറിലധികം പ്രശസ്ത ഡോക്യുമെൻ്ററികളുടെ സംവിധായകനാണ്. കൂടാതെ ദൂരദർശനു വേണ്ടി അനേകം പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു.
ലെനിൻ രാജേന്ദ്രൻ്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത ” വേനൽ പെയ്ത ചാറ്റു മഴ ” 2019 ലെ ഏറ്റവും മികച്ച ഡോക്യുമെൻ്ററിക്കുള്ള സംസ്ഥാന അവാർഡ് നേടി. 2023 ൽ 69 ആം ദേശീയ ചലചിത്ര അവാർഡിൽ “മൂന്നാം വളവ് ” മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.12ലധികം അന്തർദേശീയ ചലചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. “പ്ളാവ് ” എന്ന ഡോക്യുമെൻ്ററി സയൻസ് ആൻ്റ് എൻവയോൺമെൻ്റ് വിഭാഗത്തിൽ സംസ്ഥാന പുരസ്ക്കാരം നേടി.