അഭിനയത്തെ നെഞ്ചോടു ചേര്‍ത്തുവെച്ച നടന്‍,നരേന്ദ്ര പ്രസാദിന്റെ ഓര്‍മ്മകള്‍ക്ക് 14 വര്‍ഷം

മലയാള സിനിമയുടെ അതുല്യ നടന്‍ നരേന്ദ്ര പ്രസാദ് അന്തരിച്ചിട്ട് പതിനാല് വര്‍ഷം തികയുന്നു.2003 നവംബര്‍ മൂന്നിനായിരുന്നു നരേന്ദ്ര പ്രസാദ് എന്ന മഹാനടന്‍ നമ്മെ വിട്ടുപിരിഞ്ഞത്. സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1945 ഒക്ടോബര്‍ 26ന് മാവേലിക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

പിതാവ് രാഘവപ്പണിക്കര്‍. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, ബിഷപ്പ് മൂര്‍ കോളജ്, മാവേലിക്കര, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സറ്റി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

എല്‍.മോഹനന്റെ ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി അദ്ദേഹം മിനിസ്‌ക്രീനിനു മുന്നിലെത്തുന്നത്. ശക്തമായ വില്ലന്‍ കഥാപാത്രങ്ങളിലൂടെ മികച്ച നടനായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ആറാം തമ്പുരാന്‍, തലസ്ഥാനം, പീഠുകം, ഭഗവതി, സ്ഥലത്തെ പ്രഥാന പയ്യന്മാര്‍, ഏകലവ്യന്‍, യാദവം, ഉത്സവമേളം, ഉസ്താദ്, വാഴുന്നോര്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ചേട്ടന്‍ ബാവ അനിയന്‍ ബാവ, മേലേപ്പറമ്പില്‍ ആണ്‍വീട്, കളിയാട്ടം, നരസിംഹം എന്നിങ്ങനെ ഹിറ്റ് സിനിമകളിലൂടെ ആ നടന്ന വൈഭവം നമ്മള്‍ തിരിച്ചറിഞ്ഞതാണ്.

സ്വന്തമായി പതിനാലു നാടകങ്ങള്‍ സംവിധാനം ചെയ്തവതരിപ്പിച്ച നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമായിരുന്നു. നരേന്ദ്ര പ്രസാദിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നാടക പഠന കളരിയും ആരംഭിച്ചിട്ടുണ്ട്.സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരേപോലെ ശോഭിച്ച വ്യക്തിയായിരുന്നു നരേന്ദ്രപ്രസാദ്.

മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നരേന്ദ്രപ്രസാദിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.