
വിജയ് ചിത്രം ജനനായകനിൽ വിജയ്ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ നരേൻ. ഇപ്പോഴത്തെ ജനറേഷനിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ കൂടെ നിൽക്കുന്നു എന്ന തോന്നലായിരുന്നു തനിക്കെന്നും, വിജയ്ക്കൊപ്പമുളള പ്രധാനപ്പെട്ട സീനിലാണ് താനുളളതെന്നും നരേൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഡയറക്ടർ വിനോദ് എന്നെ വിളിച്ചതിൽ വലിയ സന്തോഷമുണ്ട്. എന്റെതൊരു ഗസ്റ്റ് റോൾ ആണ്, പക്ഷേ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. വിജയ് സാറുമായുള്ള ഒരു പ്രധാനപ്പെട്ട സീനിലാണ് ഞാൻ ഉള്ളത്. രണ്ട് മൂന്ന് സീക്വൻസിൽ ഒന്ന്. വളരെ ഇന്റെൻസായി പെർഫോം ചെയ്യേണ്ട ഒരു രംഗമായിരുന്നു എനിക്കും അദ്ദേഹത്തിനും. അത് വളരെ മനോഹരമായി അദ്ദേഹം ചെയ്തിട്ടുണ്ട്.’ നരേൻ പറഞ്ഞു.
‘ഇപ്പോഴത്തെ ജനറേഷനിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ കൂടെ നിൽക്കുന്നു എന്നത് എപ്പോഴും മൈൻഡിൽ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെ അല്ല പെരുമാറുന്നത്. വളരെ സിംപിൾ ആണ്. ഞങ്ങൾ ഉണ്ടായിരുന്ന രണ്ട് മൂന്ന് ദിവസം ആ കഥാപാത്രത്തിൽ തന്നെ ആയിരുന്നു. ഞാൻ മുൻപ് വർക്ക് ചെയ്തിട്ടുണ്ട്. രാജീവ് സാറിന്റെ അസിസ്റ്റന്റ് ആയിരുന്നപ്പോൾ കാമറ സൈഡിൽ അദ്ദേഹത്തിനൊപ്പം ആഡ് ചെയ്തിട്ടുണ്ട്. പക്ഷേ അത് ഡാൻസ് ആഡുകൾ ആയിരുന്നു. പെർഫോമൻസ് സൈഡ് ഞാൻ ഇപ്പോഴാണ് കാണുന്നത്. ആ സമയം വളരെ വിലപ്പെട്ടതാണ് കുറച്ചധികം അദ്ദേഹത്തിനോട് സംസാരിക്കാൻ കഴിഞ്ഞു.’ നരേൻ കൂട്ടിച്ചേർത്തു.
ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്റര്ടെയ്നര് ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. 2026 ജനുവരി 9 ആണ് ‘ജനനായകൻ’ തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.