
ആരാധകന്റെ കയ്യിൽ നിന്നും സ്ക്രിപ്റ്റിന്റെ സിനോപ്സിസ് വാങ്ങുന്ന തെന്നിന്ത്യൻ നായകൻ നാനിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രം ഹിറ്റ് 3 യുടെ പ്രമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ഹിറ്റ് 3 ടീം കേരളത്തിൽ എത്തിയിരുന്നു. നാനിക്കൊപ്പം സിനിമ ചെയ്യണം എന്ന അതിയായ ആഗ്രഹം ഒരു ആരാധകൻ പറയുമ്പോൾ വേദിയിലേക്ക് ഇദ്ദേഹത്തെ വിളിച്ച് സ്ക്രിപ്റ്റിന്റെ സിനോപ്സിസ് വാങ്ങിയിരിക്കുകയാണ് നാനി.
ആരാധകനോട് സ്ക്രിപ്റ്റ് സമയംപോലെ വായിക്കാമെന്നും താങ്കളുടെ സിനിമയോടുള്ള ആഗ്രഹം നിങ്ങളെ കെട്ടിപ്പിടിച്ചപ്പോൾ ആ നെഞ്ചിടിപ്പിൽ നിന്ന് മനസ്സിലായെന്നും അതിയായ ആഗ്രഹം നിങ്ങളെ വിജയത്തിൽ എത്തിക്കുമെന്നും നാനി പറഞ്ഞു. വീഡിയോയ്ക്ക് താഴെ നാനിയോടുള്ള സ്നേഹം പങ്കുവച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
തെന്നിന്ത്യൻ നായകൻ നാനി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. മാസ് മസാല ചിത്രങ്ങൾ കളം വാഴുന്ന തെലുങ്ക് സിനിമയിൽ കലാമൂല്യമുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ശ്രദ്ധ നേടിയ നടൻ കൂടിയാണ് നാനി. ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സ് ആണെന്നും മഞ്ഞുമ്മൽ ബോയ്സ് കണ്ട് തന്റെ കിളി പറന്നുവെന്നും, പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തനിക്ക് പ്രിയപ്പെട്ട മലയാള സിനിമകളെക്കുറിച്ച് നാനി പറയുകയുണ്ടായിരുന്നു.ആവേശം, ലൂസിഫർ, കണ്ണൂർ സ്‌ക്വാഡ്, ഭീഷ്മ പർവ്വം തുടങ്ങിയ സിനിമകൾ ഇഷ്ടമായെന്നും എന്നാൽ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും നാനി കൂട്ടിച്ചേർത്തു. നിരവധി തമിഴ്, മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. ഫേമസ് ആകുന്ന ചിത്രങ്ങൾ ആദ്യകാലത്ത് കാസ്റ്റിൽ കണ്ടിട്ടുണ്ട്. യോദ്ധ, മണിചിത്രത്താഴ് തുടങ്ങിയ മലയാള സിനിമകളുടെ ഡബ്ബിങ് വേർഷൻ കണ്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. എന്റെ മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതുപോലെ ട്രാൻസ് ഇഷ്ടമാണ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട് അത്ഭുതപ്പെട്ടുപോയി. ആവേശം, ലൂസിഫർ എന്നീ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കണ്ണൂർ ഭീഷ്മ പർവ്വവും എനിക്ക് ഇഷ്ടമാണ്. ഇങ്ങനെ എനിക്ക് ഇഷ്മായ ഒരുപാട് മലയാള സിനിമകൾ ഉണ്ട്,’ നാനി പറഞ്ഞു.
ജേഴ്‌സി, ശ്യാം സിംഹ റോയ്, ദസറ, ഹായ് നാന തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റുകളായിരുന്നു. ഈച്ച എന്ന ചിത്രത്തിലൂടെയാണ് നാനി മലയാളികൾക്കിടയിൽ തരംഗമാക്കുന്നത്. കെ ജി എഫിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിലെ നായിക. മെയ് ഒന്നിനാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.