നകുല്‍ മലയാള സിനിമയിലേക്ക്….

ശങ്കറിന്റെ ബോയ്സിലൂടെ വെള്ളിത്തിരയുടെ ഭാഗമായി മാറിയ നകുലിനായുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങള്‍. ഭാര്യ ശ്രുതി ഭാസ്‌കറിനൊപ്പം നിറഞ്ഞ പുഞ്ചിരിയുമായെത്തിയ നകുല്‍ തന്റെ ‘സെയ്’ എന്ന പുതിയ തമിഴ് ചിത്രം റിലീസ് ചെയ്തതിന്റെ ത്രില്ലിലാണ് സെല്ലുലോയ്ഡിനോട് വിശേഷങ്ങള്‍ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ചെറുപ്പം ഏറി വരുന്നതിന്റെ രഹസ്യം സദാസമയം കാത്ത് സൂക്ഷിക്കുന്ന ഊര്‍ജ്ജമാണെന്ന് സംസാരത്തില്‍ നിന്നും, ഫോട്ടോ ഷൂട്ടിനിടെയുള്ള പോസ്സുകളില്‍ നിന്നും മനസ്സിലായി. നകുല്‍ തന്റെ പാട്ട് വിശേഷങ്ങളും, ചേച്ചി ദേവയാനി മലയാളത്തിലെത്തിയതും, മലയാളത്തോടുള്ള പ്രണയവുമെല്ലാം തുറന്ന് പറഞ്ഞു. ചെസ്, കങ്കാരു, കളേഴ്‌സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജ് ബാബു സംവിധാനംചെയ്യുന്ന ആദ്യ തമിഴ് ചിത്രം ‘സെയ്’ ഒരേ സമയം മലയാളത്തിലും തമിഴിലുമാണ് റിലീസ് ചെയ്തത്.

. സെയ് തിയേറ്ററിലെത്തിയിരിക്കുന്നു. എന്ത് തോന്നുന്നു…

കേരളത്തിലുള്ളവര്‍ എന്റെ ആദ്യ സിനിമ ബോയ്‌സ് മുതല്‍ കൂടെയുണ്ട്. കാതലില്‍ വിഴുന്തേന്‍, മാസിലാമണി തുടങ്ങീ സിനിമകളെയും ഒരുപാട് പിന്തുണച്ചിട്ടുണ്ട്. അത്‌കൊണ്ട് തന്നെയാണ് സെയ് എന്ന ചിത്രം കേരളത്തില്‍ റിലീസായത്. തീര്‍ച്ചയായും എല്ലാവരും ഇത് കാണണം എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ കേരളത്തിലേക്ക് വന്നിരിക്കുന്നത്. ഇതിനിടെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തു. ഞാന്‍ പാടി അഭിനയിച്ച നാക്ക് മുക്ക എന്ന ഗാനം നിങ്ങള്‍ കണ്ടിരിക്കും. അത്‌പോലെ, ബാസ്‌ക്കറ്റ് ബോള്‍ പ്ലേയര്‍, എഞ്ചിനിയര്‍ എന്നീ വേഷങ്ങളിലെല്ലാം നിങ്ങള്‍ എന്നെ കണ്ടിരിക്കും. എന്നാല്‍ ഈ സിനിമയില്‍ സരവെടി ശരവണനായിട്ടാണ് ഞാനെത്തിയിട്ടുള്ളത്. ഒരു വലിയ ഹീറോ ആവണം എന്ന് അഗ്രഹിക്കുന്ന ഒരു കഥാപാത്രമാണ് ശരവണന്‍. അവന്റെ മനസ്സില്‍ അവന്‍ ഒരു വലിയ സ്റ്റാറാണ്. ഒരു പ്രൊഡ്യൂസറെ ലഭിച്ചാല്‍ മതി അവന്‍ വലിയ സൂപ്പര്‍സ്റ്റാറായി മാറും എന്ന ഒരു ചിന്താഗതി വച്ച് നടക്കുന്ന ആളാണ് ഈ കഥാപാത്രം.

പിന്നെ ഈ ചിത്രത്തിന്റെ സംവിധായകന്‍ രാജ് ബാബു ദിലീപ്, ജയറാം തുടങ്ങീ വലിയ താരങ്ങളോടൊപ്പം പ്രവര്‍ത്തിച്ച സംവിധായകനാണ്. വളരെ മികച്ച അനുഭവമായിരുന്നു. തമിഴില്‍ ഞാന്‍ നിരവധി ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ആദ്യമായിട്ടായിരുന്നു ഒരു മലയാളി യൂണിറ്റിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. എങ്ങനെയായിരിക്കും ആ അനുഭവം എന്നറിയാന്‍ കൂടെയാണ് ഞാന്‍ ഈ സിനിമ തെരഞ്ഞെടുത്തത്. വളരെ വ്യത്യസ്തമായൊരു കഥയാണ് സെയ്. ഞാനിങ്ങനെയൊക്കെ പറയാന്‍ കാരണം വളരെ ആസ്വദിച്ച് അഭിനയിച്ചൊരു സിനിമയാണിത്. ചിത്രത്തിന്റെ നിര്‍മാതാവ് മനു ഉമേഷ് ആദ്യമായി നിര്‍മ്മിച്ച സിനിമ. പക്ഷെ വളരെ ക്രിയേറ്റീവായിട്ടുള്ള ഒരു പ്രൊഡ്യസറാണ് അദ്ദേഹം. യാതൊരു കുറവുകളുമില്ലാതെയാണ് അദ്ദേഹം എല്ലാ കാര്യങ്ങളും ചെയ്തത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച നിക്‌സ് ലോപസും ഒരു മലയാളിയാണ്. വളരെ കഴിവുള്ളൊരു സംഗീതഞ്ജനായ അദ്ദേഹത്തിന്റെ ആദ്യ ആല്‍ബമാണ് സെയ്. യൂട്യൂബില്‍ ഒരു മില്യണോളം ജനങ്ങള്‍ ആ പാട്ട് ഇതിനകം കണ്ടു. ഇത്രയും ക്രിയേറ്റീവായിട്ടുള്ളൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വളരെ അഭിമാനമായിട്ടാണ് തോന്നുന്നത്. പിന്നെ വല്ലിനം എന്ന സിനിമയില്‍ എന്റെ കൂടെ വര്‍ക്ക് ചെയ്ത വിജയ് ഉലകനാഥന്‍ സാര്‍ തന്നെയാണ് സെയ് ചിത്രത്തിന്റെയും ഛായാഗ്രഹണം നിര്‍വഹിച്ചത്. ഒപ്പം ആക്ഷന്‍ രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്റ്റണ്ടര്‍ സാമും ചിത്രത്തെ മനോഹരമാക്കി. ഞാന്‍ കേരളത്തിലേക്ക് വീണ്ടും വരും. കേരളത്തിലെ ജനങ്ങളെയും ഭക്ഷണവുമെല്ലാം എനിക്ക് ഇനിയും അറിയണമെന്നുണ്ട്.

. അഭിനയത്തിനിടെയുള്ള പാട്ടിനെ കുറിച്ച്….

സംഗീതം എന്റെ ഒരു പാഷനാണ്. എനിക്ക് അവസരം തന്നവരെല്ലാം വളിയ ആളുകളാണ്. അവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വളരെ അഭിമാനകരമാണ്. ഭാവിയില്‍ ഏതെങ്കിലും സംവിധായകനോ സംഗീത സംവിധായകനെ എന്നോട് ഈ സിനിമയില്‍ നിങ്ങള്‍ പാടിയാല്‍ നന്നായിരിക്കും എന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും ഇനിയും പാടിയിരിക്കും. ഹരിഹരന്‍ സാറിനെ പോലെയോ യേശുദാസിനെപ്പോലേയോ ഒന്നും എനിക്ക് സാധിക്കില്ല. അവരെല്ലാം വളരെ വലിയ ഗായകരാണ് ഞാന്‍ ഒരു ചെറിയ പാട്ടുകാരനും.

.മലയാള സിനിമകള്‍ കാണാറുണ്ടോ?

മലയാള സിനിമ എനിയ്ക്ക് വളരെയധികം ഇഷ്ടമാണ്. ഇവിടെയുള്ള ആര്‍ട്ടിസ്റ്റുകളെയും സംവിധായകരെയും മറ്റ് അണിയറ പ്രവര്‍ത്തകരെയുമെല്ലാം ലോകം മുഴുവന്‍ അറിയാം. പ്രേമം, ദൃശ്യം തുടങ്ങീ സിനിമകള്‍ കണ്ടപ്പോള്‍ എനിക്ക് വളരെയധികം അത്ഭുതം തോന്നി. ഇങ്ങിനെ എങ്ങനെയാണ് അഭിനയിക്കുക എന്നാലോചിച്ചപ്പോള്‍ സത്യത്തില്‍ ഒരു ഭയമാണ് തോന്നിയത്. വളരെ മനോഹരമായ സിനിമകളാണ് മലയാളത്തില്‍ ഉള്ളത്. ശ്രീനിവാസന്‍ സാറിന്റെ തിരക്കഥകള്‍ എനിയ്ക്ക് വളരെ ഇഷ്ടമാണ്. മോഹന്‍ലാല്‍ സാറും, ശ്രീനിവാസന്‍ സാറും അഭിനയിച്ച അക്കരെ അക്കരെ എന്ന സിനിമയൊക്കെ എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. എത്ര നല്ല കഥകളാണ് അവയൊക്കെ. ചില ചിത്രങ്ങളൊക്കെ നമ്മളെ വളരെധികം ഇന്‍സ്പയര്‍ ചെയ്യുന്നു. മോഹന്‍ലാല്‍ സാര്‍, മമ്മൂട്ടി സാര്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെയൊക്കെ അഭിനയ മികവിനെ വളരെ ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍.

. മലയാളത്തിലെ യുവ നടന്മാരില്‍ ആരെയാണ് ഇഷ്ടം?

നിവന്‍ പോളിയെ ഇഷ്ടമാണ് ഒപ്പം കുഞ്ചാക്കോ ബോബനെയും. ഫഹദ് ഫാസിലിനെ ഇഷ്ടമാണ്. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചിട്ടുള്ളത്. ഫഹദിന്റെ അഭിനയ ശൈലിയെല്ലാം മനോഹരമാണ്. പിന്നെ ദുല്‍ഖര്‍ സല്‍മാന്‍. ആരുടെ പേരും പ്രത്യേകമായി എടുത്തു പറയാന്‍ പറ്റില്ല. എല്ലാവരും വളരെ മികച്ച നടന്‍മാരാണ്. പിന്നെ അത്‌പോലെ ജയറാം, ജഗതി ശ്രീകുമാര്‍, ജഗദീഷ് എല്ലാം മികച്ച അഭിനേതാക്കളാണ്.

.മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നോ?

നല്ല കുറേ ഓഫറുകള്‍ വന്നിരുന്നു. അതും മികച്ച സംവിധായകരുടെ. പക്ഷെ എന്റെ ഡേറ്റിന്റെ പ്രശ്‌നം കാരണം അതൊന്നും നടന്നില്ല. പക്ഷെ ഇനിയും അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും മലയാളത്തിലേക്ക് വരും. എന്നെ സംബന്ധിച്ച് ഭാഷ എനിക്ക് ഒരു പ്രശ്‌നമല്ല. കാരണം ഞാന്‍ ഒരു അഭിനേതാവാണ്.

ആദ്യകാലത്ത് എനിക്ക് ആര്‍മിയില്‍ ചേരാനായിരുന്നു ആഗ്രഹം. ഞാന്‍ ട്രെയിനിംഗിന് വരെ പോയി. പക്ഷെ അതേസമയത്താണ് കാതലില്‍ വിഴുന്തേന്‍ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചത്. നായകനായിട്ടാണ് വേഷമെന്നറിഞ്ഞതോടെ ആര്‍മി എന്ന ആഗ്രഹം അല്‍പ്പം സൈഡിലോട്ട് മാറി. ഒരു ആര്‍മി മാന്‍ ആയി അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. അത്‌കൊണ്ട് തന്നെ മേജര്‍ രവി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അദ്ദേഹത്തോട് എനിക്ക് നിറഞ്ഞ ബഹുമാനമാണ്. അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ചെറിയ പേടിയും നല്ല എനര്‍ജിയും തോന്നുന്നു. മലയാളം സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത് സ്‌കൂളില്‍ പോകുന്നത് പോലെയാണ്. അവിടെ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.

.ഇനി വരാനിരിക്കുന്ന സിനിമകള്‍

‘എരിയും കണ്ണാടി’എന്ന ചിത്രമാണ് ഇനി വരാനുള്ളത്. സുനൈനയും ഞാനും 10 വര്‍ഷത്തിനുശേഷം ഒരുമിച്ച് വരുന്ന മൂന്നാമത്തെ ചിത്രമാണിത്. ഞങ്ങളാദ്യം ചെയ്ത കാതലില്‍ വിഴുന്തേന്‍, മാസില്ലാമണി എന്നിവയൊക്കെ വന്‍ ഹിറ്റുകളായിരുന്നു. പുതിയ ചിത്രം ഒരു റൊമാന്റിക് ചിത്രമാണ്. 96 പോലെ ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഏരിയും കണ്ണാടി. സിനിമയ്ക്ക് പുറമേ ടെലിവിഷനിലും ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്.