ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പാരഡി ഗാനവുമായി നാദിര്‍ഷ. ലോക്ക്ഡൗണ്‍ സമയത്ത് നിരവധിപേരുടെ അഭ്യര്‍ത്ഥനയുണ്ടായെങ്കിലും തമാശയ്ക്ക് വേണ്ടിയല്ലാതെ ഒരു ഗാനം ചെയ്യണമെന്ന തീരുമാനത്തോടെയാണ് ഗാനമൊരുക്കിയതെന്ന് നാദിര്‍ഷ പറഞ്ഞു. ഗവണ്‍മെന്റിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം സമര്‍പ്പിച്ചിരിക്കുന്ന ഗാനത്തിന്റെ രചനയും, ആലാപനവും നാദിര്‍ഷ തന്നെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. ദേ മാവേലി കൊമ്പത്ത് പോലുള്ള സൂപ്പര്‍ഹിറ്റ് ഓഡിയോ സിഡികളിലൂടെ മലയാളികളുടെ ഇഷ്ടതാരമായ നാദിര്‍ഷ സംഗീത സംവിധായകനായും സംവിധായകനായും തിളങ്ങുകയാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക്‌റോഷന്‍, മേരാനാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീലീപിനെ നായകനാക്കിയുള്ള കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിയിരുന്നു നാദിര്‍ഷ.
ദിലീപ് മധ്യവയസ്‌കനായ കുടുംബസ്ഥനായാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലെത്തുന്നത്. പോസ്റ്ററിലൂടെ തന്നെ ഇതിനകം ശ്രദ്ധനേടിയ ദിലീപ് അവതരിപ്പിക്കുന്ന കേശു ഒരു ഡ്രൈവിംഗ്‌സ്‌കൂള്‍ നടത്തുകയാണ്. ഉര്‍വശി അദ്ദേഹത്തിന്റെ ഭാര്യയായെത്തുന്നു. ജൂണ്‍ ഫെയിം വൈഷ്ണവി, തണ്ണീര്‍മത്തന്‍ദിനങ്ങള്‍ ഫെയിം നസ്ലേന്‍ എന്നിവരാണ് ദമ്പതികളുടെ രണ്ട് കുട്ടികളായെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ദേശീയപുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ഒരുക്കിയിട്ടുള്ളത്. ദീലീപ് വ്യത്യസ്ത ലുക്കുകളില്‍ സിനിമയിലെത്തുന്നുവെന്നതാണ് പ്രത്യേകത. ഉര്‍വശിയും ദിലീപും ആദ്യമായാണ് ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ സഹതാരങ്ങളായി എത്തുന്നത് അനുശ്രീ, സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍,ഗണപതി, സ്വാസിക തുടങ്ങിയവരാണ്. അനില്‍ നായര്‍ സിനിമാറ്റോഗ്രാഫി, പാട്ടുകള്‍ ഒരുക്കുന്നത് സംവിധായകന്‍ നാദിര്‍ഷ, ബിജിബാല്‍ പശ്ചാത്തലസംഗീതമൊരുക്കുന്നു. നാദ്് ഗ്രൂപ്പ്, ദിലീപ്, നാദിര്‍ഷ എന്നിവരുടെ പ്രൊഡക്ഷന്‍ ഹൗസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.