
റെട്രോ സിനിമയുടെ വിജയത്തിനായി സ്‌പെഷ്യൽ പൂജ നടത്തി സംവിധായകൻ കാർത്തിക് സുബ്ബരാജ്. തിരുപ്പതി ക്ഷേത്രത്തിലാണ് കാർത്തിക് പൂജ നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. ‘മനസു നിറയെ റെട്രോ ആണ്. സിനിമയുടെ വിജയത്തിന് ശേഷം മാത്രമേ മറ്റെന്തിനെക്കുറിച്ചും ആലോചനയുള്ളൂ. സിനിമ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു,’ എന്നാണ് കാർത്തിക് വിഡിയോയിൽ പറയുന്നത്.
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. മികച്ച അഡ്വാൻസ് സെയിൽസ് ആണ് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ചിത്രം ഇതുവരെ 2.70 കോടി റെട്രോ അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന സൂചനയാണ് അഡ്വാൻസ് ബുക്കിംഗ് കണക്കുകളിലൂടെ ലഭിക്കുന്നത്.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.
നെറ്റ്ഫ്ലിക്സ് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം റെട്രോയുടെ അഡ്വാൻസ് ബുക്കിങിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തമിഴ്നാട്ടിൽ നിന്നും ചിത്രം ഇതുവരെ 2.70 കോടി റെട്രോ അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 1030 ഷോകളിൽ നിന്ന് 1.50 ലക്ഷം ടിക്കറ്റുകളാണ് റെട്രോ വിറ്റത്. കേരളത്തിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന തരത്തിലുള്ള കണക്കുകളാണ് അഡ്വാൻസ് ബുക്കിംഗ് സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ 25 ലക്ഷവും കർണാടകയിൽ നിന്ന് ഇതുവരെ 12 ലക്ഷവുമാണ് റെട്രോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കുമെന്നും സൂര്യ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നുമാണ് കണക്കുകൂട്ടൽ.
ചിത്രത്തിൽ 20 ഓളം ആക്ഷൻ രംഗങ്ങളുണ്ട്. ഒന്നിൽ പോലും സൂര്യ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലന്ന് വെളിപ്പെടുത്തി റെട്രോ സിനിമയിലെ ആക്ഷൻ ഡയറക്ടർ കേച്ച കംഫക്ദീ രംഗത്തു വന്നിരുന്നു.’റെട്രോ ഒരു വലിയ ആക്ഷൻ ചിത്രമാണ്. ഞാൻ പല സിനിമകളിലും വർക്ക് ചെയ്തിട്ടുണ്ട്. അതിലൊക്കെ നാലോ അഞ്ചോ ആക്ഷൻ സീനുകളാണ് ഉണ്ടാവുക. എന്നാൽ ഈ സിനിമയിൽ 20 ആക്ഷൻ സീനുകളുണ്ട്, അതും പല സ്റ്റൈലുകളിൽ. ഈ സിനിമയിൽ സൂര്യ സ്റ്റണ്ട് ഡബിളുകളെ ഉപയോഗിച്ചിട്ടില്ല,’ എന്ന് കേച്ച കംഫക്ദീ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതെ സമയം റെട്രോയിലെ ജയറാമിന്റെ ലുക്കിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസമാണ് ലഭിച്ചുകൊണ്ടിരുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനെ തുടർന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറയാൻ തുടങ്ങിയത്. അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ജയറാം തിരഞ്ഞെടുക്കുന്നു എന്ന തരത്തിലും വിമർശനങ്ങൾ ഉയരുന്നുണ്ടായിരുന്നു. എന്നാൽ ജയറാമിന്റെ കഥാപാത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ് രംഗത് വന്നിരുന്നു. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അക്കാര്യം തുറന്നുപറഞ്ഞത്. “ജയറാം സാറിന്‍റെത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെർഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാൻ പറ്റും. വില്ലനായും ക്യാരക്ടർ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോയായും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ തെലുങ്കിലും വലിയ പടങ്ങളിൽ വില്ലനായും സപ്പോർട്ടിങ് റോളിലും കാണാം. എന്നാൽ പഞ്ചതന്ത്രത്തിലെ അദ്ദേഹത്തിന്റെ മീറ്ററാണ് എനിക്ക് ഏറ്റവും ഇഷ്ടം,” കാർത്തിക് പറഞ്ഞു.