
സ്വന്തം അച്ഛനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ ആമിർഖാൻ. സ്നേഹം, കർശനമായ ശിക്ഷണം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, രക്ഷിതാക്കൾ എങ്ങനെ കുടുംബത്തിൽ സമാധാനമുണ്ടാക്കി എന്നിവയെക്കുറിച്ചുള്ള തൻ്റെ വ്യക്തിപരമായ ഉൾക്കാഴ്ചകൾ എന്നിവയാണ് ആമിർഖാൻ തുറന്നു പറഞ്ഞത്. സീ മ്യൂസിക്കിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എൻ്റെ അച്ഛനും അമ്മയും തികച്ചും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. എന്റെയും ഫൈസലിന്റെയും മുഖത്ത് അച്ഛൻ്റെ കയ്യിൻ്റെ അടയാളങ്ങൾ കിട്ടുമായിരുന്നു. അദ്ദേഹം ഞങ്ങളെ കൈയുടെ പുറംഭാഗം കൊണ്ട് അടിക്കുമായിരുന്നു. അദ്ദേഹം ഒരു മോതിരം ധരിക്കുമായിരുന്നു. ആ മോതിരമാണ് ഞങ്ങളുടെ മുഖത്ത് പാടുവരാനുള്ള കാരണം. അതിനാൽ അടികിട്ടുന്നതിന്റെ അടുത്ത ദിവസം സ്കൂളിൽ പോകുന്നത് വളരെ ലജ്ജാകരമായി തോന്നിയിരുന്നു.” ആമിർ കൂട്ടിച്ചേർത്തു. പിതാവുമായി തനിക്ക് ഒരിക്കലും സ്നേഹപൂർണമായ ബന്ധമുണ്ടായിരുന്നില്ലെന്ന് ആമിർ അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്.
2007-ൽ സഹോദരൻ ഫൈസലുമായി ബന്ധപ്പെട്ട ഒരു കസ്റ്റഡി തർക്കത്തിൻ്റെയും സാമ്പത്തിക കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളുടെയും പേരിൽ ഇരുവരുടെയും ബന്ധം കാലക്രമേണ അകന്നു. വർഷങ്ങളോളം നീണ്ട ഉരസലുകൾക്ക് ശേഷം, 2010 ഫെബ്രുവരി 2-ന് ഹൃദയാഘാതത്തെ തുടർന്ന് താഹിർ ഹുസൈൻ അന്തരിക്കുന്നതിന് മുമ്പ് ആമിർ അദ്ദേഹവുമായുള്ള പ്രശ്നം അവസാനിപ്പിച്ചു. പിന്നീട് തൻ്റെ ജീവിതത്തിൽ അച്ഛനുണ്ടായിരുന്ന സ്വാധീനം അംഗീകരിക്കുകയും ചെയ്തു.
ദയയുടെ ഉറവിടം എന്നാണ് ആമിർ തന്റെ ഉമ്മ സീനത്ത് ഹുസൈനെ വിശേഷിപ്പിച്ചത്. അവർ ശബ്ദം ഉയർത്തുന്നത് താൻ കേട്ടിട്ടില്ല. താനും സഹോദരൻ ഫൈസലും കുട്ടിക്കാലത്ത് ധാരാളം വികൃതി കാണിക്കുമായിരുന്നു. ആമിർ, നീയിങ്ങനെ ചെയ്യാമോ എന്നുമാത്രമാണ് അവർ ചോദിച്ചിരുന്നത്. ഇതുമാത്രമാണ് ശകാരവാക്കുകളായി ഉമ്മ പറഞ്ഞിരുന്നത്. എന്നാൽ പിതാവും ചലച്ചിത്ര നിർമാതാവുമായ താഹിർ ഹുസൈന്റെ സ്വഭാവം ഇതിൽനിന്നേറെ വ്യത്യസ്തമായിരുന്നു. പിതാവുമായുള്ള ബന്ധം വളരെ പ്രയാസം നിറഞ്ഞതായിരുന്നെന്നും ആമിർ പറഞ്ഞു.
ഒരിടവേളയ്ക്കുശേഷം ‘സിത്താരെ സമീൻ പർ’ എന്ന ചിത്രത്തിലൂടെ ആമിർ ഖാൻ വലിയ സ്ക്രീനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിൽ ജെനീലിയ ഡിസൂസയാണ് നായിക. സ്പാനിഷ് സിനിമയായ ‘ചാമ്പ്യൻസ്’-ൻ്റെ റീമേക്കാണ് ‘സിത്താരെ സമീൻ പർ’. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ്മ, സംവിത് ദേശായി എന്നിവരും മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.