പൂങ്കുയിലിന്റെ നാദം നിലച്ചു…മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

','

' ); } ?>

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണത്തിന് കാരണം. മുന്‍പ് ഏറെനാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. പൂങ്കുയിലിനെ കണ്ഠനാളത്തില്‍ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീര്‍ മുഹമ്മദിനെ വിശേഷിപ്പിച്ചത്.നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ‘കാഫ് മല കണ്ട പൂങ്കാറ്റേ’, ഒട്ടകങ്ങള്‍ വരി വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ പാടിയതും ഈണമിട്ടതും പീര്‍ മുഹമ്മദാണ്. കേട്ടാല്‍ മതിവരാത്ത അനശ്വര ഗാനങ്ങള്‍ സംഗീതലോകത്തിന് സംഭാവന ചെയ്ത പ്രതിഭയുടെ നിര്യാണത്തില്‍ നിരവധി പേര്‍ അനുശോചനമറിയിച്ചു. കല്ല്യാണ പാട്ടിന്റെ രാജകുമാരന്‍ എന്നാണ് മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അറിയപ്പെട്ടത്. ദൂരദര്‍ശനില്‍ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചതിലൂടെയും ശ്രദ്ധേയനായി.

തെങ്കാശിയില്‍ ജനിച്ച പീര്‍ മുഹമ്മദ് പിതാവിനൊപ്പം തലശ്ശേരിയിലേക്ക് വരികയായിരുന്നു. നാലാം വയസ്സുമുതല്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. ഏഴാം വയസ്സില്‍ അദ്ദേഹത്തിന്റെ പാട്ട് ആദ്യമായി റെക്കോഡ് ചെയ്തു. പീര്‍ മുഹമ്മദിന്റേതായി പതിനായിരത്തിലധികം പാട്ടുകള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം. കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ജനത ട്രൂപ്പില്‍ അംഗമായിരുന്ന പീര്‍ മുഹമ്മദ് പിന്നീട് തലശേരിയില്‍ സ്വന്തമായി ട്രൂപ്പ് ആരംഭിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്, എ.വി.മുഹമ്മദ് അവാര്‍ഡ്, ഒ അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്,ആള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡ് കേരള മാപ്പിള കല അക്കാദമി അവാര്‍ഡ്, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അസീസ് അഹമ്മദിന്റെയും ബല്‍ക്കീസിന്റെയും മകനായാണ് ജനനം. ഏഴാം വയസ്സില്‍ ‘ജനതാ സംഗീത സഭ’യിലൂടെ മാപ്പിള പാട്ടിന്റെ ലോകത്ത് തുടക്കം കുറിച്ചു. തേന്‍തുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 1957–90 കളില്‍ എച്ച്എംവിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ് നൈറ്റില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം പീര്‍ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളു. 1976ല്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ,ചെന്നൈ ദൂരദര്‍ശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കേരളത്തിലും പുറത്തും ആയിരത്തോളം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം കാസറ്റുകള്‍ പുറത്തിറക്കി.