ജെ സി ഡാനിയല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020 പ്രഖ്യാപിച്ചു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവര്‍, വി സി ജോസ് സംവിധാനം ചെയ്ത ദിശ എന്നീ രണ്ട് സിനിമകള്‍ മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്തു. എന്നിവര്‍ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകനായി. സണ്ണി എന്ന ചിത്രത്തിലൂടെ മധു നീലകണ്ഠന്‍ മികച്ച ഛായാഗ്രാഹകനായി. സണ്ണിയിലെ അഭിനയത്തിലൂടെ ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരുത്തി എന്ന വി കെ പ്രകാശ് ചിത്രത്തിലെ പ്രകടനത്തിലൂടെ നവ്യ നായര്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. താഹിറ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയസിദ്ദിഖ് പറവൂര്‍ മികച്ച തിരക്കഥാകൃത്തായി. സണ്ണിയുടെ ചിത്രസംയോജകന്‍ ഷമീര്‍ മുഹമ്മദ് ചിത്രസന്നിവേശത്തിനുള്ള പുരസ്‌കാരം നേടി. ഒരുത്തിയിലെ ഗാനങ്ങളൊരുക്കിയ സംഗീതസംവിധായകന്‍ ഗോപി സുന്ദറാണ് മികച്ച സംഗീതസംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ എം ജയചന്ദ്രന്‍ പശ്ചാതല സംഗീതത്തിനുള്ള പുരസ്‌കാരം നേടി.

ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഈ സിനിമയിലെ ഗാനത്തിലൂടെ മികച്ച ഗായകനായി വിജയ് യേശുദാസും, ഗായികയായി സിതാര കൃഷ്ണകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളൊരുക്കിയ അന്‍വര്‍ അലിയാണ് മികച്ച ഗാനരചയിതാവ്. കാന്തി എന്ന ചിത്രത്തിലൂടെ വിഷ്ണു എരുമേലി കലാസംവിധാനത്തിനും സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സമീറ സനീഷ് വസ്ത്രീലങ്കാരത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടി. ദിശയിലെ പ്രകടനത്തിലൂടെ അക്ഷയ് പുതുമുഖ നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ താഹിറയിലൂടെ താങിറ പുതുമുഖ നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കാന്തിയിലൂടെ കൃഷ്ണശ്രീയാണ് ബാലതാരമായത്. ഒരിലത്തണലില്‍ എന്ന ചിത്രത്തിലൂടെ ലാല്‍ കരമന ചമയത്തിനുള്ള പുരസ്‌കാരം നേടി. മികച്ച ബാലചിത്രമായിസുരേഷ് യുപീയാറെസ് സംവിധാനം ചെയ്ത കൃതി തെരഞ്ഞെടുക്കപ്പെട്ടു. ഒരിലത്തണലിലെ പ്രകടനത്തിന് ശ്രീധരന്‍ കാണിക്ക് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശമുണ്ട്. പ്രശസ്ത സംവിധായകന്‍ ആര്‍ ശരത്ത് അധ്യക്ഷനായ മൂന്നംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.പ്രശ്‌സ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായി വിനു എബ്രഹാം, ഫൗണ്ടേഷന്‍ സെക്രട്ടറി അരുണ്‍ മോഹന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. മികച്ച നിലവാരം പുലര്‍ത്തിയ ചിത്രങ്ങളായിരുന്നു ഇത്തവണ അവാര്‍ഡിന് ലഭിച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു.