മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ട ചില സിനിമ പാട്ടുകളുണ്ട്.
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍,പൂമാനമേ.വൈശാഖ സന്ധ്യേ,ഒരു മധുരകിനാവിന്‍,ശ്യാമമേഘമേ നീ,മൈനാകം,ഓളങ്ങള്‍ താളം തല്ലുമ്പോള്‍ ഇവയൊക്ക മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ടതാണ്. ഈ ഗാനങ്ങള്‍ സമ്മാനിച്ച സവിധായകനും അത്രമേല്‍ പ്രിയപ്പെട്ടതാകും.സാമുവല്‍ ജോസഫ് എന്ന ശ്യാം എക്കാലത്തും മറക്കാനാത്ത ക്ലാസിക്ക് ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ്.മലയാളത്തിനു പുറമെ തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മൂന്നൂറിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചു. നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുണ്ട്.നാടക ട്രൂപ്പുകളില്‍ വയലിനിസ്റ്റ് ആയിട്ടാണ് അദ്ദേഹം സംഗീത രംഗത്തേക്ക് പ്രവേശിക്കുന്നത്. 1968ല്‍ പുറത്തിറങ്ങിയ എട്രികള്‍ ജാഗ്രതൈ എന്ന തമിഴ് ചിത്രമാണ് അദ്ദേഹം സംഗീതസംവിധാനം ചെയ്യുന്ന ആദ്യചിത്രം.1983ലും 84ലും മികച്ച സംഗീതസംവിധായകനുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.ഇന്ന് അദ്ദേഹത്തിന്റെ എണ്‍പതിമൂന്നാമത് ജന്മദിനമാണ്. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എഴുത്തുകാരനും സംഗീതസംവിധായകനുമായ രവിമേനോന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരുപം കാണാം.
പിറന്നാള്‍ ആശംസകള്‍, ശ്യാം സാര്‍
മോനേ…..” എന്ന വിളിയില്‍ ഒരു സ്‌നേഹസാഗരം തന്നെ ഒളിപ്പിക്കുന്ന, ഗോഡ് ബ്ലെസ്’ എന്ന ആശംസയില്‍ മനസ്സിലെ നന്മയും കരുതലും മുഴുവന്‍ നിറച്ചു വെക്കുന്ന മനുഷ്യന്‍. സിനിമാസംഗീത ലോകത്ത് ഞാന്‍ കണ്ടുമുട്ടിയ സുതാര്യ വ്യക്തിത്വങ്ങളില്‍ ഒരാള്‍. അനസൂയ വിശുദ്ധന്‍. ശ്യാം എന്ന സാമുവല്‍ ജോസഫ്.
എണ്‍പത്തിമൂന്നാം പിറന്നാള്‍ ആശംസിക്കാന്‍ കാലത്ത് വിളിച്ചപ്പോള്‍ ശ്യാം സാര്‍ ഒരു നിമിഷം മൗനിയായി. പിന്നെ ഘനഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു: സന്തോഷം മോനേ, ഇന്ന് എനിക്ക് വരുന്ന ആദ്യത്തെ ഫോണ്‍കോളാണിത്. നമ്മളെ ആരെങ്കിലും ഓര്‍ക്കുന്നു എന്നറിയുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ. ഇറ്റ്‌സ് എ ബിഗ് തിംഗ് ഫോര്‍ മി; ഈ പ്രായത്തില്‍. താങ്ക് യു ഫോര്‍ റിമെംബറിംഗ് മി മോനേ. ഗോഡ് ബ്ലെസ്..”
മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ആ വാക്കുകള്‍. ഉള്ളിലെങ്ങോ നേര്‍ത്തൊരു നൊമ്പരം വന്നു തടഞ്ഞപോലെ. എങ്ങനെ മറക്കും ശ്യാം സാര്‍. ഇതാ ഇപ്പോഴും ഞാന്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ശ്യാം സാറിന്റെ പാട്ട്: മൈനാകം കടലില്‍ നിന്നുയരുന്നുവോ…..അശുഭവാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്ന ഈ കാലത്തും ആ പാട്ടുകള്‍ മനസ്സിന് എത്ര സന്തോഷവും സമാധാനവും പകരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.”
മൃദുവായി ചിരിക്കുക മാത്രം ചെയ്തു ശ്യാം സാര്‍. പിന്നെ ആ പാട്ടിന്റെ വരികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു: ഓ ശശിയുടെ പടത്തിലെ പാട്ട്… ഒരു പാട് ഓര്‍മ്മകള്‍ ഉണ്ട് മോനേ ഓരോ പാട്ടിന് പിന്നിലും. പാവം ശശിയും പോയില്ലേ…ഓരോരുത്തരായി സ്ഥലം വിടുന്നു..”
പാട്ടുകളില്ലാത്ത ഒരിക്കല്‍ കൂടി” എന്ന ചിത്രത്തിന് ശ്യാം ഒരുക്കിയ തീം മ്യൂസിക്കില്‍ നിന്ന് സംവിധായകനായ ഐ വി ശശി കണ്ടെടുത്തതാണ് തൃഷ്ണ എന്ന സിനിമക്ക് വേണ്ടി എസ് ജാനകിയുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട മൈനാക”ത്തിന്റെ ഈണം. ആ കൊച്ചു സംഗീതശകലം ഒരു ഗാനമാക്കി മാറ്റണമെന്ന് ശശി ആവശ്യപ്പെട്ടപ്പോള്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിനിന്നു ശ്യാം. എത്ര സൂക്ഷ്മമായാണ് പശ്ചാത്തല സംഗീതം പോലും ശശി ശ്രദ്ധിക്കുന്നത് എന്നോര്‍ക്കുകയിരുന്നു ഞാന്‍. ഹി വാസ് എ ജീനിയസ്.”
ശശിയുടെ പടങ്ങളിലാണ് ശ്യാം ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ഒരുക്കിയത്. അസാധാരണമായ ഒരു കെമിസ്ട്രി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. എനിക്ക് വേണ്ടത് എന്താണെന്ന് ശ്യാമിനറിയാം. ശ്യാമിന്റെ മനസ്സിലെ സംഗീതം എനിക്കും.” — ശശിയുടെ വാക്കുകള്‍ ഓര്‍മ്മവരുന്നു. പശ്ചാത്തല സംഗീതത്തില്‍ നിന്ന് പോലും അസാധാരണ മികവുള്ള പാട്ടുകള്‍ സൃഷ്ടിക്കും ശ്യാം . ഇളയരാജ ഒഴിച്ചാല്‍ റീ റെക്കോര്‍ഡിംഗില്‍ ശ്യാമിനെപോലെ ഇത്രയും ഔചിത്യവും കയ്യൊതുക്കവും പുലര്‍ത്തുന്ന മറ്റു അധികം സംഗീത സംവിധായകരെ കണ്ടിട്ടില്ല. ശ്യാമിന്റെ ഗാനങ്ങളെ പോലെ തന്നെ സുന്ദരമാണ് സിനിമകള്‍ക്ക് അദ്ദേഹം നല്‍കിയിട്ടുള്ള തീം മ്യൂസിക്കും. പല്ലവിയും അനുപല്ലവിയും ചരണവും ഒക്കെ കാണും പശ്ചാത്തല സംഗീതത്തിലും. അത്തരം ഈണങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ റെക്കോര്‍ഡ് ചെയ്തു വെക്കുന്ന ശീലമുണ്ട് എനിക്ക്. പിന്നീട് അതേ ട്യൂണ്‍ വേറെ ഏതെങ്കിലും പടത്തില്‍ പാട്ടാക്കി മാറ്റാന്‍ ശ്യാമിനെ നിര്‍ബന്ധിക്കും ഞാന്‍. അവയൊക്കെ ഹിറ്റാകുകയും ചെയ്യും.” — ശശി.
അടിയൊഴുക്കുകളുടെ പശ്ചാത്തലസംഗീത ശകലം അനുബന്ധ”ത്തിലെ കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും എന്ന ഗാനമായതും, തുഷാരത്തിന്റെ ക്ലൈമാക്‌സിലെ തീം മ്യൂസിക് തൃഷ്ണയില്‍ ഉപയോഗിച്ചതും (തെയ്യാട്ടം ധമനികളില്‍) എല്ലാം ശശിയുടെ പ്രേരണയില്‍ തന്നെ.
ഫോണ്‍ വെച്ച ശേഷവും ശ്യാം സാറിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു: നമ്മളെ ആരെങ്കിലും ഓര്‍ക്കുന്നു എന്നറിയുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ. ഇറ്റ്‌സ് എ ബിഗ് തിംഗ് ഫോര്‍ മി; താങ്ക് യു ഫോര്‍ റിമെംബറിംഗ് മി മോനേ. ഗോഡ് ബ്ലെസ്..”
— രവിമേനോന്‍ (മാര്‍ച്ച് 19, 2020)