
ബിഗ്‌ബോസിൽ നിന്ന് പരുവപ്പെട്ട് അനുമോൾ ഇപ്പോൾ കറക്റ്റ് ബിഗ്‌ബോസ് കണ്ടന്റായി മാറിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് മുൻഷി രഞ്ജിത്ത്.
ഒരു പ്രശ്നമുണ്ടാക്കി അത് കണ്ടന്റാക്കി മാറ്റണം എന്ന ബോധം അനുമോൾക്കുണ്ടായിരുന്നുവെന്നും, അത് കൃത്യമായിട്ട് മനസിലാകുന്നത് ജിസേലിന്റെ വിഷയത്തിൽ മോഹൻലാൽ ചോദ്യം ചെയ്തപ്പോഴാണെന്നും മുൻഷി രഞ്ജിത്ത് പറഞ്ഞു. കൂടാതെ ലക്ഷ്മിയോക്കെ തർക്കങ്ങളിലേർപ്പെടാൻ പറ്റുന്നൊരാളാണെന്നും, ഒരു നിലപാടെടുത്താൽ അതിൽ സ്ട്രോങ്ങ് ആയിട്ട് ഉറച്ചു നിൽക്കാനുള്ള കപ്പാസിറ്റിയുണ്ടെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം.
“ഒരു പ്രശ്നമുണ്ടാക്കി അത് കണ്ടന്റാക്കി മാറ്റണം എന്ന ബോധം അനുമോൾക്കുണ്ടായിരുന്നു. അനുമോളുടെ ആദ്യത്തെ സമീപനവും നിലപാടുമൊക്കെ കണ്ടപ്പോൾ ഞാൻ കരുതി, കരഞ്ഞു നിന്നിട്ട് ഒരാഴ്ച കൊണ്ട് പോകുമെന്ന്. പക്ഷെ ആ ഷോയിൽ നിന്ന് പാകപ്പെട്ട് ഇപ്പോൾ കറക്റ്റ് ഒരു ബിഗ്‌ബോസ് കണ്ടന്റായി അനുമോൾ മാറിയിട്ടുണ്ട്. അത് നമുക്ക് കൃത്യമായിട്ട് മനസിലാകുന്നത് ജിസേലിന്റെ വിഷയത്തിൽ മോഹൻലാൽ ചോദ്യം ചെയ്തപ്പോഴാണ്. മോഹൻലാൽ അത്രയും ഭാവവ്യത്യാസത്തോടെ താങ്കളെന്ത് തോന്നിവാസമാണ് പറയുന്നതെന്ന് ചോദിച്ചപ്പോഴും, ഞാൻ കണ്ടതാണ് ലാലേട്ടാ എന്ന നിലപാടിൽ അവൾ ശകതമായി ഉറച്ചു നിന്നിട്ടുണ്ട്. അവിടെ അവൾ കരഞ്ഞില്ലല്ലോ!. ആണുങ്ങളാണെങ്കിൽ പോലും അത്തരമൊരു സന്ദർഭത്തിൽ കരഞ്ഞു പോകുമായിരുന്നു”. മുൻഷി രഞ്ജിത്ത് പറഞ്ഞു.
” അതുപോലെ തന്നെയാണ് ലക്ഷ്മിയും. ലക്ഷ്മിയോക്കെ നമുക്ക് തർക്കങ്ങളിലേർപ്പെടാൻ പറ്റുന്നൊരാളാണ്. കാരണം ഒരു നിലപാടെടുത്താൽ അതിൽ സ്ട്രോങ്ങ് ആയിട്ട് ഉറച്ചു നിൽക്കാനുള്ള കപ്പാസിറ്റി അവർക്കുണ്ട്. അവരുടെ ശക്തമായ നിലപാടിനെയും അതിൽ ഉറച്ചു നിൽക്കുന്ന രീതിയെയും ഞാൻ സപ്പോർട്ട് ചെയ്യുന്നുണ്ട്. ആദില നൂറയുടെ വിഷയത്തിൽ മോഹൻലാൽ ചോദിച്ചപ്പോൾ പോലും ഞാൻ വീട്ടിൽ കയറ്റില്ല, നിങ്ങൾ കയറ്റിക്കോളൂ എന്ന് തന്നെയായിരുന്നു അവരുടെ നിലപാട്. പക്ഷെ അവരുടെ വാക്കുകൾക്ക് ഞാനെതിരാണ്. മാറാ രോഗമുള്ള മനുഷ്യരെ പോലും വീട്ടിൽ കയറ്റുന്ന മനുഷ്യരാണ് നമ്മൾ. അപ്പോൾ പിന്നെ സ്വന്തം ഐഡന്റിറ്റി മനസ്സിലാക്കി ജീവിക്കുന്ന രണ്ടു പേരെ അങ്ങനെയങ് മാറ്റി നിർത്തുകയൊന്നും വേണ്ട. പിന്നെ ഇന്നത്തെ കാലത്ത് ഒരാണിനുപോലും പെണ്ണിനെ ഇത്രയ്ക്ക് നന്നായിട്ട് സ്നേഹിക്കാൻ കഴിയുമോന്ന് സംശയമാണ്. അതുകൊണ്ടാണ് അവരെ ഞാൻ പൂമ്പാറ്റയെന്ന് വിളിച്ചത്”. മുൻഷി രഞ്ജിത്ത് കൂട്ടിച്ചേർത്തു.