രണ്ടാമൂഴം സിനിമയാകും , ശ്രീകുമാര്‍ മേനോന്‍ ഉണ്ടാവില്ല ; എം.ടി

സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ഇനി അയാളുമായി സഹകരിക്കില്ലെന്നുമാണ് എം ടിയുടെ തീരുമാനമെന്ന് എംടിയുടെ അഭിഭാഷകന്‍ ശിവ രാമകൃഷ്ണന്‍. രണ്ടാമൂഴം സിനിമയാക്കുകയെന്നതാണ് എം ടിയുടെ ആഗ്രഹമെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശിവ രാമകൃഷ്ണന്‍ വ്യക്തമാക്കി.

കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാണ കമ്പനിയായ എയര്‍ ആന്‍ഡ് എര്‍ത്ത് ഫിലിംസിനെയും താല്‍കാലികമായി കോടതി വിലക്കുകയും ചെയ്തിരുന്നു.സിനിമയുടെ പ്രാരംഭ പ്രവൃത്തികള്‍ നടക്കുകയാണെന്നും കേസ് വേഗത്തില്‍ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിര്‍മ്മാണ കമ്പനി കോടതിയെ അറിയിച്ചു. ഹര്‍ജി ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.എന്നാല്‍ മഹാഭാരത കഥ സിനിമയാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നിര്‍മാതാവ് ബി ആര്‍ ഷെട്ടി പ്രതികരിച്ചിട്ടുള്ളത്.