നരേന്ദ്ര പ്രസാദിന്റെ ആദ്യ നാടകം റിക്രിയേഷന്‍ ക്ലബിന് വേണ്ടിയായിരുന്നു ; എം ആര്‍ ഗോപകുമാര്‍

നരേന്ദ്ര പ്രസാദ് ആദ്യമായി നാടകം എഴുതുന്നതും സംവിധാനം ചെയ്യുന്നതും റിക്രിയേഷന്‍ ക്ലബിന് വേണ്ടിയിട്ടാണെന്ന് എം ആര്‍ ഗോപകുമാര്‍. സീരിസല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം ആര്‍ ഗോപകുമാര്‍ വാക്കുകള്‍ ഇങ്ങനെ,

തിരുവന്തപുരത്ത് കലാവേദി എന്ന് പറഞ്ഞൊരു സംഘടന എല്ലാ വര്‍ഷവും നാടക മത്സരം നടത്താറുണ്ട്. ടി ആര്‍ സുകുമാരന്‍ നായര്‍, കുട്ടന്‍ നായര്‍ അങ്ങനെ അവിടുത്തെ താപ്പാനകളാണ് ഈ നാടക മത്സരം നടത്തുന്നത്. നാടകത്തിന് പുതിയ രചനയും പുതിയ അവതരണവും ആയിരിക്കണം.അപ്പോള്‍ ഞങ്ങള്‍ക്ക് ഈ നാടകം എങ്ങിനെ സംഘടിപ്പിക്കും എന്നതില്‍ ഒരുപിടുത്തവും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഞാനും എന്റെ ഓഫീസിലെ ഗോപാല കൃഷ്ണന്‍ എന്നു പറഞ്ഞ ആളും ചേര്‍ന്ന് നരേന്ദ്ര പ്രസാദിന്റെ കോളേജില്‍ ചെന്നു. ആര്‍ട്ട്സ് കോളേജിലായിരുന്നു പുളളി അന്ന് പഠിപ്പിച്ചിരുന്നത്. അലിയാര്‍ സാറും അവിടെയുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നു പേരും കൂടെ പുളളിയുടെ സ്റ്റാഫ് റൂമില്‍ ചെന്നിട്ട് ഞങ്ങള്‍ക്ക് കലാവേദിക്കുവേണ്ടി ഒരു നാടകം ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടെന്നും പുതിയ നാടകങ്ങളൊന്നും ഞങ്ങള്‍ നോക്കിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞു. പുളളി ആ സമയത്ത് പുതിയ നാടകങ്ങളുടെ ഒക്കെ കാര്യം പറഞ്ഞോണ്ടിരിക്കുന്നുണ്ട്. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു അതല്ല സാറുതന്നെ ഒരു നാടകം എഴുതിയാല്‍ മതിയെന്ന്. ഞാന്‍ നാടകം എഴുതാനോ എനിക്ക് നാടകമൊന്നും അറിയില്ല, ഞാന്‍ നാടകക്കാരനൊന്നും അല്ലല്ലോ എന്നൊക്കെ പറഞ്ഞൊഴിയാന്‍ നോക്കി. പക്ഷേ എന്‍ ബി അപ്പന്റെ സ്റ്റാറ്റസിലുളള നല്ല ഒരു നിരൂപകന്‍ കൂടിയായിരുന്നു അദ്ദേഹം. എന്റെ ഫീല്‍ഡ് തന്നെ വേറെ അല്ലെ എനിക്ക് നാടകമൊന്നും അറിയില്ലോ എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു അങ്ങനെ ഒന്നും അല്ല നിങ്ങള്‍ നാടകം എഴുതി തരണം എന്ന്. പുളളി പറ്റില്ല എന്ന് തന്നെ വാശി പിടിച്ചോണ്ടിരിക്കുന്നു. പറ്റണം എന്ന് നമ്മളും പറഞ്ഞു. അങ്ങനെ പറഞ്ഞ് അവസാനം മൂന്ന്,നാല് ദിവസം കഴിയുമ്പോള്‍ ഞങ്ങള്‍ വരും അപ്പോള്‍ നാടകം കിട്ടണം അത്രേയുളളൂ എന്നും പറഞ്ഞാണ് അവിടെ നിന്ന് ഇറങ്ങി പോന്നത്. ഒരു ദിവസം പുളളി അലിയാര്‍ സാറിന്റെ കൈയില്‍ നാടകത്തിന്റ സ്‌ക്രിപ്റ്റ് കൊടുത്തയക്കുന്നു. ഞങ്ങളുടെ ഓഫീസില്‍ നല്ല സഹൃദയ സംഘം ഉണ്ട് .നല്ല വായനയും എല്ലാ കലയുമായി നല്ല ബന്ധമുളളവരും ആയ ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ നാടകം,സാഹത്യം അങ്ങിനെ എല്ലാം കാര്യങ്ങളെ പറ്റിയും ചര്‍ച്ച ചെയ്യും. നാടകത്തിന്റെ സ്‌ക്രിപ്റ്റ് കൊടുത്തയച്ചപ്പോള്‍ പുളളി അലിയാര്‍ സാറിനോട് പറഞ്ഞു അവിടെ ഒരു സംഘം ഉണ്ട്, ഇത് അവരുടെ കൈയില്‍ കൊണ്ട് കൊടുക്കുക, എന്നിട്ട് അവര്‍ക്ക് വായിച്ചിട്ട് ഇഷ്ടായെങ്കില്‍ മാത്രം എന്റെതാണെന്ന് പറഞ്ഞാല്‍ മതി, അല്ലെങ്കില്‍ വേറെ ആരേലും എഴുതിയതാണെന്ന് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞയച്ചു.


ഞങ്ങള്‍ ആ നാടകം വായിച്ചു എല്ലാവര്‍ക്കും ഇഷ്ടമായി. മൂന്ന് പ്രഭുക്കന്മാര്‍ എന്നായിരുന്നു ആ നാടകത്തിന്റെ പേര്. ഇതുവരെയും നമ്മള്‍ കണ്ട രീതിയായിരുന്നില്ല, ആ നാടകം വളരെ വ്യത്യസ്തമായിരുന്നു. എഴുത്തിലാണെങ്കിലും ശരി, അവതരണത്തിലാണെങ്കിലും ഏതു രീതിയില്‍ അവതരിപ്പിക്കണം എന്ന ഒരു തോന്നല്‍ നമുക്ക് വരും. അതിന്റെ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാം സാധാരണ രീതിയിലുളള പ്രസന്റേഷന്‍ ഇതിന് ശരിയാവുകയില്ല എന്ന്. ഞങ്ങള്‍ ഈ നാടകം സെലക്ട് ചെയ്യ്തു. സംവിധാനം ആര് ചെയ്യും എന്നു ചോദിച്ചപ്പോള്‍ എഴുതിയ ആളു തന്നെ സംവിധാനം ചെയ്യട്ടെ എന്ന് എല്ലാവരും പറഞ്ഞു. നരേന്ദ്ര പ്രസാദ് ആദ്യമായി ഒരു നാടകം എഴുതുന്നതും സംവിധാനം ചെയ്യുന്നതും റിക്രിയേഷന്‍ ക്ലബിന് വേണ്ടിയിട്ടാണ. ഈ മത്സരത്തിന് എല്ലാ സമ്മാനവും ആ വര്‍ഷം ഞങ്ങള്‍ക്ക് കിട്ടി. അതു പോലെ അടുത്ത വര്‍ഷും ഈ മത്സരത്തിന് നരേന്ദ്ര പ്രദാസ് തന്നെ എഴുതിയ ഇര എന്ന് പറയുന്ന നാടകം കളിച്ചു.

ദൂരദര്‍ശന്‍ ആരംഭിച്ചത് മുതല്‍ മിനി സ്‌ക്രീനിനൊപ്പം സഞ്ചരിക്കുന്ന പ്രതിഭയാണ് എം ആര്‍ ഗോപകുമാര്‍.നാടകം, സിനിമ, ഡോക്യുമെന്റ്റികള്‍ റേഡിയോ നാടകങ്ങള്‍ തുടങ്ങി കലയുടെ സകല മേഖലകളിലും വ്യാപരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് എം ആര്‍ ഗോപകുമാര്‍.