‘മിസ്റ്റര്‍ ആന്‍ഡ് മിസ്സ് റൗഡി’അത്ര ലോക്കലല്ല-മൂവി റിവ്യു

','

' ); } ?>

പ്രേക്ഷകരെ തങ്ങളുടെ കട്ട ലോക്കല്‍ ഗെറ്റപ്പിലെത്തി ഞെട്ടിച്ചിരിക്കുകയാണ് കാളിദാസ് ജയറാമും തന്റെ റൗഡിക്കൂട്ടവും
അപര്‍ണ്ണ ബാലമുരളിയും. ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ജിത്തു ജോസഫിന്റെ മിസ്റ്റര്‍ റൗഡിയായിട്ടാണ് കാളിദാസ് ജയറാം പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തിയിരിക്കുന്നത്.

സംവിധായകന്‍ ജിത്തു ജോസഫ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോമഡിയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു. ദീലീപ്- മംമ്ത മോഹന്‍ദാസ് ചിത്രമായ മൈബോസിനു ശേഷം ജീത്തു ജോസഫ് കോമഡി ജോണറില്‍ ഒരുക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്റ് മിസ് റൗഡി. ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത് അപര്‍ണ്ണ ബാലമുരളിയാണ്. എന്തായാലും ഒരു വെടിക്കുള്ള മരുന്നുമായിട്ടാണ് ജീത്തു ജോസഫ് ചിത്രം തിയേറ്ററുകളില്‍ എത്തിയതെന്ന് നിസംശയം പറയാം.

ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് മിസ്റ്റര്‍ ആന്റ് മിസ് റൗഡി. ഇവരുടെ ഇടയിലേയ്ക്കുള്ള ഇവരേക്കാള്‍ വില്ലത്തിയായ അപര്‍ണ എന്ന പെണ്‍കുട്ടിയുടെ കടന്നു വരവാണ് പിന്നീട് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ആദ്യ പകുതിയില്‍ പ്രേക്ഷകരെ തൃപ്തരാക്കിയില്ലെങ്കിലും രണ്ടാംപകുതിയോടെ ചിത്രം പ്രേക്ഷകനിലേക്ക് കൂടുതല്‍ അടുക്കുന്നു.

പൂമരത്തിലെ വളരെ ശാന്തനായ വിദ്യാര്‍ഥി നേതാവില്‍ നിന്നും നേരെ വിപരീതമായിട്ടാണ് മിസ്റ്റര്‍ ആന്റ് മിസ് റൗഡിയില്‍ കാളിദാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താടിയും മുടിയും വളര്‍ത്തി വളരെ അശ്രദ്ധമായ വസ്ത്രധാരണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ഗുണ്ട ലുക്ക്. എങ്കിലും കാളിദാസിന് വരും സിനിമകളില്‍ തന്റെ അഭിനയം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ചങ്ങാതിമാരായെത്തിയ ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു ഗോവിന്ദന്‍, എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ പ്രശംസനീയമായ രീതിയില്‍ തന്നെ അവതരിപ്പിച്ചു. സായ് കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യൂ, ശരത്, എസ്തര്‍ അനില്‍, ഷാഹീന്‍ സിദ്ദീഖ് എന്നിവരുടെ അവരവരുടെ റോളുകള്‍ മനോഹരമാക്കി.

തിരക്കഥയ്ക്ക് വേണ്ട കെട്ടുറപ്പ് അനുഭവപ്പെട്ടില്ല. ഇക്കാലത്തെ സൗഹൃങ്ങളെയല്ല കുറച്ചുകൂടെ പഴക്കമുള്ള സൗഹൃദങ്ങളായാണ് ചിത്രത്തില്‍ പലയിടത്തും അനുഭവപ്പെട്ടത്. ജിത്തു ജോസഫ് തന്റെ ശൈലിയില്‍ നിന്നും വേറൊരു രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം കാണുന്നവര്‍ക്ക് സംശയം തോന്നിയേക്കാം ഇതൊരു ജിത്തു ജോസഫ് ചിത്രമാണൊ എന്ന്. അനില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതവും സതീഷ് കുറിപ്പിന്റെ ഛായാഗ്രഹണവും മികച്ചതായി അനുഭവപ്പെട്ടു. ഗാനങ്ങളും മനോഹരമായിരുന്നു.