
സിനിമാ ടിക്കറ്റുകൾക്കും വിനോദ ചാനലുകൾക്കും സെസ്സ് ഏർപ്പെടുത്താൻ തീരുമാനമെടുത്ത് കർണാടക സർക്കാർ. സിനിമ, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് തീരുമാനം. ഇതു സംബന്ധിച്ച കരടുവിജ്ഞാനപനം തൊഴിൽവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ സെസ്സ് നിലവിൽവരുന്നതോടെ സിനിമ ടിക്കറ്റുകൾക്ക് വിലകൂടും. വിനോദ ചാനലുകളുടെ വരിസംഖ്യയിലും വർധനയുണ്ടാകും.
മൾട്ടിപ്ലക്സുകൾ അടക്കം സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റിന് പുതിയ സെസ്സ് ബാധകമായിരിക്കും. സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകളുടെ പരാമവധിനിരക്ക് 200 രൂപയായി സർക്കാർ നിശ്ചയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. മൾട്ടിപ്ലക്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയെത്തുടർന്നായിരുന്നു ഹൈക്കോടതി വിധി. ഇതേത്തുടർന്ന് തിയേറ്ററുകൾ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മിക്ക മൾട്ടിപ്ലക്സുകളിലും ഏറ്റവും കുറഞ്ഞനിരക്ക് തന്നെ 200-ന് മുകളിലാണ്. സെസ്സ് കൂടി ഏർപ്പെടുത്തുമ്പോൾ നിരക്ക് ഇനിയും ഉയരും.
സിനിമ,സാംസ്ക്‌കാരിക പ്രവർത്തകരുടെ ക്ഷേമത്തിനായി കഴിഞ്ഞ വർഷം പുതിയനിയമം കൊണ്ടുവന്നിരുന്നു. ഇതിലാണ് ക്ഷേമനിധിരൂപീകരണത്തിന് വ്യവസ്ഥ ചെയ്തിരുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിനോദചാനലുകളുടെയും ആകെ വരിസംഖ്യയുടെ രണ്ടുശതമാനം സെസ് ഈടാക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. സിനിമാടിക്കറ്റുകൾക്കും വിനോദചാനലുകളുടെ വരിസംഖ്യയിലും സെസ്സ് ഏർപ്പെടുത്തി ക്ഷേമനിധിയുണ്ടാക്കണമെന്നായിരുന്നു ഇതിൽ പറഞ്ഞിരുന്നത്. ഒരു ശതമാനം മുതൽ രണ്ടുശതമാനംവരെ സെസ്സ് ഈടാക്കാമെന്നായിരുന്നു നിർദേശം. എന്നാൽ ഇത് രണ്ടുശതമാനമായി ഇപ്പോൾ നിർണയിക്കുകയും ചട്ടം രൂപവത്കരിക്കുകയുമായിരുന്നു.
നിലവിൽ സിനിമ-സാംസ്‌കാരിക മേഖലയിൽ 70,000 പേർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രത്യേക രജിസ്ട്രേഷൻ മുഖേനയാകും ക്ഷേമനിധിയിൽ ആളുകളെ ചേർക്കുന്നത്.