ഹാസ്യ താരം, വില്ലന്‍, നിര്‍മ്മാതാവ് ഈ റോളുകളില്‍ നിന്നും മാറി ജോജു ജോര്‍ജ് ടൈറ്റില്‍ റോളിലെത്തിയ സിനിമയാണ് ജോസഫ്. അമ്മകിളിക്കൂട്, ശിക്കാര്‍, കേരളാ കഫെ തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച പദ്മകുമാര്‍ ഒരുക്കിയ മനോഹര സസ്‌പെന്‍സ് ക്രൈം ത്രില്ലറാണ് ജോസഫ്. ഒരു ക്രൈം ത്രില്ലറായത് കൊണ്ട് തന്നെ സിനിമയെ കുറിച്ച് വിശദമായി പറയുന്നത് ആ സിനിമയോട് ചെയ്യുന്ന പാതകമായിരിക്കുമെന്നതിനാല്‍ അതിന് മുതിരുന്നില്ല. സമാന്തര സിനിമാ പരീക്ഷണങ്ങളില്‍ ഏതൊരു പ്രേക്ഷകനേയും പിടിച്ചിരുത്താവുന്ന ഘടകങ്ങളെല്ലാം കൂട്ടിയിണക്കിയാണ് എം.പദ്മകുമാര്‍ ജോസഫൊരുക്കിയിട്ടുള്ളത്.
ഷാഹി കബീറാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. പൊലീസുകാരന്റെ തിരക്കഥയായതിനാലാകണം അന്വേഷണ രംഗങ്ങളിലെല്ലാം തന്നെ ആ ചടുലത കാത്ത് സൂക്ഷിക്കാനായിട്ടുണ്ട്. സാധാരണ ക്രൈം ത്രില്ലറില്‍ നിന്നും ജോസഫിനെ വ്യത്യസ്തമാക്കുന്നത് അത് സാമൂഹ്യ പ്രസക്തിയുള്ള വിഷയം കൂടെ കൈകാര്യം ചെയ്യുന്നു എന്നതിനാലാണ്. മെഡിക്കല്‍ രംഗത്തെ ഓര്‍ഗനൈസ്ഡ് ക്രൈം സിന്റിക്കേറ്റിനെ കുറിച്ചാണ് ചിത്രം പറയുന്നത്.
റിട്ടയേര്‍ഡ് ആയ ഒരു പോലീസുകാരനായാണ് ജോജു ചിത്രത്തിലെത്തുന്നത്. വിരമിച്ചതിന് ശേഷവും കുറ്റന്വേഷണത്തിന് പൊലീസ് ജോസഫിന്റെ സഹായം തേടുന്നത് അയാളുടെ മിടുക്കിലുള്ള വിശ്വാസം കൊണ്ടാണ്. പക്ഷേ തന്റെ പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ കാരണം തേടി അലയുന്ന ജോസഫ് ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ത ലുക്കാണെന്ന് മാത്രമല്ല അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്താനും അദ്ദേഹത്തിനായിട്ടുണ്ട്. കാലം സമ്മാനിച്ച ശരീരത്തിലെ വടുക്കള്‍ക്കൊപ്പം ജീവിതാനുഭവങ്ങളാല്‍ തഴമ്പ് വീണ മനുഷ്യനെ അത്ര തന്നെ തന്‍മയത്വത്തോടെ ജോജു വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്.
ദിലീഷ് പോത്തന്‍, ഇര്‍ഷാദ്,സിനില്‍, മാളവിക മേനോന്‍, ആത്മിയ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മനീഷ് മാധവന്റെ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം എന്നിവയെല്ലാം സിനിമയെ മനോഹരമാക്കുന്നുണ്ട്. ഭാഗ്യരാജ്, രഞ്ജിന്‍ രാജ് എന്നിവരുടെ സംഗീതം സിനിമയ്‌ക്കൊപ്പം ചേര്‍ന്ന് സഞ്ചരിക്കുന്നുണ്ട്.
തിയേറ്ററില്‍ നിന്നിറങ്ങി പോരുമ്പോള്‍ ജോസഫ് ഒരു നീറലായി അവശേഷിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നത് തന്നെയാണ് സിനിമയുടെ വിജയം. ജോസഫിനെ കുറിച്ച് മറിച്ച് അഭിപ്രായമുള്ളവരുണ്ടാകാം, സിനിമയ്ക്ക് നക്ഷത്രങ്ങളിട്ട് നല്ലതെന്നും ചീത്തയെന്നും തിരിയ്ക്കാനുള്ള അളവുക്കോല്‍ ഞങ്ങളുടെ കയ്യിലില്ല. കാരണം കാണുന്ന കണ്ണുകള്‍ക്കും, കാഴ്ച്ചപ്പാടുകള്‍ക്കും അനുസരിച്ചാണ് സിനിമ പ്രേക്ഷകന് അനുഭവവേദ്യമാവുന്നത്.