‘സിനിമ പേരല്ല തീരുമാനമാണ്’…കൊറോണയും സിനിമയില്‍ മുറുകുന്ന രാഷ്ട്രീയവും

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ നിരവധി സിനിമകളുടെ പ്രഖ്യാപനങ്ങള്‍ നടക്കുന്നു. സിനിമാചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട സംഘടനകളുടെ തീരുമാനത്തിലുള്ള വിയോജിപ്പുകളാണ് ധൃതിപ്പെട്ടുള്ള പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. ‘ഉണ്ട’ എഴുതിയ സംവിധാനം ചെയ്യുന്ന ‘ഹാഗര്‍’ എന്ന സിനിമയുടെ നിര്‍മാണവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ആഷിഖ് അബു ആണ് പ്രഖ്യാപിച്ചത്. സുനാമി എന്ന ചിത്രവും നേരത്തെ ചിത്രീകരണം തുടങ്ങിയിരുന്നു. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ 2021ല്‍ പൃഥ്വി പ്രധാനകഥാപാത്രമായെത്തുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ പ്രഖ്യാപനവും നടന്നുകഴിഞ്ഞു. ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രവും തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ചിത്രീകരണം തുടങ്ങാന്‍ വിവിധ സിനിമാ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള വിഷയത്തിനുള്ള മറുപടിയാണ് ഈ പ്രഖ്യാപനങ്ങളെന്ന രൂപത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു ഈ പോസ്റ്റും ഇപ്പോള്‍ ഈ തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പോസ്റ്റിനു താഴെ നിരവധി പേര്‍ ലിജോയെ പിന്തുണച്ച് കമന്റുകള്‍ ചെയ്തിട്ടുണ്ട്. ‘ആരും തടയൂല, ആശാന്‍ പിടിക്ക്’ എന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ കമന്റ്. നടന്‍ വിനയ് ഫോര്‍ട്ട് ഉള്‍പ്പടെയുള്ളവരും പിന്തുണച്ച് എത്തി. ഈ പിന്തുണകള്‍ക്ക് പിന്നാലെ സംവിധായകന്‍ പുതിയ പോസ്റ്റിട്ടതും ശ്രദ്ധേയമാണ്. ‘സിനിമ പേരല്ല തീരുമാനമാണ്’ ഇതാണ് പോസ്റ്റ്.

കൊറോണ മൂലം ചിത്രീകരണം തടസ്സപ്പെട്ട 60ഓളം സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടേ പുതിയ സിനിമകള്‍ തുടങ്ങാവൂ എന്നായിരുന്നു സിനിമാ സംഘടനകളുടെ നിലപാട്. ഇതിനെ മറികടന്ന് മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമുള്‍പ്പെടെ ആരംഭിക്കുന്ന വാര്‍ത്തകള്‍ വന്നത്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചിരുന്നു. മാലിക് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെയാണ് പുതിയ ചിത്രീകരണത്തിന്റെ സംഘത്തിലുമുള്ളത്. സീ യൂ സൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസിനുള്ളതാണെന്നുള്ള സൂചനയുമുണ്ട്.