“‘അമ്മ വേഷങ്ങൾ എനിക്കൊരു ചലഞ്ചും, ട്രൈനിംഗുമാണ്”; ഗംഗ മീര

','

' ); } ?>

കാലഘട്ടം മാറുന്നതിനനുസരിച്ച് മലയാള സിനിമയുടെ മുഖച്ഛായയ്ക്കും അവതരണ രീതിക്കും മാറ്റം സംഭവിച്ചിട്ടുണ്ട്. സ്വാഭാവികമായ തനിമയത്വമുളള ‘അമ്മ വേഷങ്ങൾ പുതിയകാലത്ത് കഥകളിലേക്ക് അങ്ങനെ കടന്നു വരാറില്ല. എന്നാൽ അത്തരമൊരു സവിശേഷത കൈമുതലാക്കി മലയാള സിനിമയുടെ പുതിയ അമ്മവേഷങ്ങളെ ഏറെ ഭംഗിയോടെ അവതരിപ്പിക്കുന്ന കലാകാരിയാണ് “ഗംഗ മീര”. ചുരുക്കം ചില കഥാപാത്രങ്ങൾ കൊണ്ട് തന്നെ വളരെ വേഗം പ്രേക്ഷക പ്രീതി നേടാൻ “ഗംഗ മീര”ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ചും തന്റെ അമ്മവേഷങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ഗംഗ മീര. ‘അമ്മ വേഷങ്ങൾ തനിക്കൊരു ചലഞ്ചാണെന്നും താനതാസ്വദിക്കുന്നുണ്ടെന്നും ഗംഗ പറയുന്നു. കൂടാതെ “ലൗലി”സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും താരം മറുപടി നൽകി. സെല്ലുലോയ്‌ഡെന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

“‘അമ്മ വേഷങ്ങളിലേക്ക് ടൈപ്പ് കാസറ്റ് ചെയ്ത് എന്നൊരു തോന്നലില്ല. ആദ്യം കാസ്റ്റ് ചെയ്യപ്പെടണമല്ലോ എന്നിട്ടാണല്ലോ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത്. ഞാനിപ്പോഴും വിശ്വസിക്കുന്നത് ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ്. എനിക്കിഷ്ടമാണ് ഇത്തരം വേഷങ്ങൾ ചെയ്യുന്നത്. പിന്നെ ‘അമ്മ വേഷം എന്നതൊരു ചലഞ്ചിങ് ആയിട്ടുള്ള കാര്യമാണ്. കാരണം എന്റെ പ്രായത്തിലുള്ള ഇമോഷനൊന്നുമായിരിക്കില്ല ചിലപ്പോൾ എനിക്ക് അവതരിപ്പിക്കേണ്ടി വരുന്നത്. അത് കൊണ്ട് തന്നെ അതൊരു ട്രൈനിംഗ് കൂടിയാണ്. ജാനേ മൻ എന്ന ചിത്രത്തിലൂടെയാണ് ‘അമ്മ വേഷങ്ങളിലേക്കെന്ന് ഞാൻ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ‘അമ്മ വേഷം ഞാനായിട്ട് തിരഞ്ഞെടുക്കുന്നതൊന്നുമല്ല. അങ്ങനെ സംഭവിക്കുന്നതാണ്. ഗംഗ മീര പറഞ്ഞു.

“ലൗലി സിനിമയ്ക്ക് ഈച്ച സിനിമയുമായി സാമ്യം ഉണ്ടെന്ന് പറഞ്ഞിട്ട് ആരോപണങ്ങളൊക്കെ വന്നിരുന്നു. പക്ഷെ “ഈച്ച” സിനിമയുമായി “ലൗലി”ക്ക് യാതൊരു ബന്ധവുമില്ല. പോസ്റ്ററിലും കോൺസെപ്റ്റിലും സാമ്യതകളുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നും ഇല്ല.അത് സിനിമ കണ്ടു കഴിയുമ്പോൾ തന്നെ മനസ്സിലാകും. പിന്നെ ആരോപണങ്ങൾ തീർച്ചയായിട്ടും വരും. അതിനെയൊക്കെ ഫേസ് ചെയ്യാൻ റെഡി ആയിരുന്നു. നമുക്ക് ചെയ്യാൻ കഴിയുന്നതൊക്കെ നമ്മൾ ചെയ്തിട്ടാണ് ചിത്രം പ്രേക്ഷകർക്ക് കൊടുക്കുന്നത്. പ്രേക്ഷകരിലേക്കെത്തിയാൽ പിന്നെ അവരുടെ ഫീഡ്ബാക്ക് എന്തായാലും അത് കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. അതിൽ അടുത്ത വർക്ക് ഇതിൽ കൂടുതൽ എങ്ങനെ മെച്ചപ്പെടുത്താം എന്നുമാത്രം ചിന്തിച്ചാൽ മതി. കാരണം നമ്മൾ പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. ഗംഗ മീര കൂട്ടിച്ചേർത്തു.