“‘ടോക്‌സികിനെതിരെ കൂടുതൽ പരാതികൾ”; ടീസറിലെ ഉള്ളടക്കം ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്ന് സാമൂഹിക പ്രവർത്തകൻ

','

' ); } ?>

യഷ് ചിത്രം ‘ടോക്‌സികിനെതിരെ കൂടുതൽ പരാതികൾ. സെൻസർ ബോർഡിനോട് വിശദീകരണം തേടി കർണാടക വനിതാ കമ്മിഷൻ നൽകിയ പരാതിക്ക് പിന്നാലെ സമാന പരാതിയുമായി സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളിയും സെൻസർ ബോർഡിനെ സമീപിച്ചിരിക്കുകയാണ്. ഇ- മെയിൽ വഴിയാണ് ദിനേശ് കല്ലഹള്ളി സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷിക്ക് പരാതി നൽകിയത്. ടീസറിലെ ഉള്ളടക്കം ധാർമികതയ്ക്ക് നിരക്കുന്നതല്ല. ടീസർ ഉടൻ നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്‌ട്, സെൻസർ ബോർഡ് ചട്ടങ്ങൾ, ഭാരതീയ ന്യായ സംഹിത എന്നിവ ഉദ്ധരിച്ചാണ് പരാതി.

ജനുവരി എട്ടിന് യഷിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തുവന്ന ഫസ്റ്റ് ഗ്ലിംപ്സ് ടീസറിനെതിരേയാണ് പരാതി. ടീസറിൽ അശ്ലീല ഉള്ളടക്കമുണ്ടെന്ന് ചൂണ്ടി കാട്ടി തന്നെയായിരുന്നു കർണാടക വനിതാ കമ്മിഷനും പരാതി നൽകിയിരുന്നത്. ടീസർ ഉടൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടു. സാമൂഹിക ധാർമ്മികത സംരക്ഷിക്കുന്നതിനും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ഈ നീക്കം ആവശ്യമാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. പ്രായപരിധിയോ മുൻകരുതൽ മുന്നറിയിപ്പോ ഇല്ലാതെയാണ് ടീസർ പുറത്തിറക്കിയതെന്നും ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും പ്രായപൂർത്തിയാകാത്തവരെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയില്‍ പറഞ്ഞു. ടീസർ പിൻവലിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരിനും പോലീസിനും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങളുടെ പൊതുപ്രചരണം തടയാൻ കർശനമായ നിയമങ്ങൾ രൂപീകരിക്കണമെന്നും അവർ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘ടോക്സിക്കി’ന്റെ്റെ ടീസറിലെ ബോൾഡ് രംഗങ്ങൾ ചൂണ്ടിക്കാട്ടി സംവിധായിക ഗീതു മോഹൻദാസിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. ടീസറിലെ നായകനെ അവതരിപ്പിക്കുന്ന ഭാഗം സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണെന്നായിരുന്നു പ്രധാനവിമർശനം. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകളും ഒരുങ്ങുന്നുണ്ട്. കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യാഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.