“കരാർ ഉറപ്പിച്ച് അഡ്വാൻസ് കൈപ്പറ്റിയ ശേഷം മറ്റൊരു ചിത്രത്തിന് ഡേറ്റ് നൽകി, രണ്ട് കോടിക്ക് പകരം മൂന്ന് കോടിയിലേറെ ആവശ്യപ്പെട്ടു”; അക്ഷയ് ഖന്നക്കെതിരേ കൂടുതൽ ആരോപണം

','

' ); } ?>

‘ദൃശ്യം 3’ ഹിന്ദി പതിപ്പിന്റെ നിർമാതാക്കൾ നടൻ അക്ഷയ് ഖന്നയ്ക്കെതിരേ പരാതി നൽകിയതിന് പിന്നാലെ താരത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി തിരക്കഥാകൃത്ത് മനീഷ് ഗുപ്ത. കരാർ ഉറപ്പിച്ച് അഡ്വാൻസ് കൈപ്പറ്റിയ ശേഷം ഡേറ്റ് മറ്റൊരു ചിത്രത്തിന് നൽകിയെന്നാണ് മനീഷ് ഗുപ്തയുടെ ആരോപണം.

‘2017-ൽ ഞാൻ സംവിധായകനായും കുമാർ മംഗത് പഥക് നിർമാതാവും ‘സെക്ഷൻ 375’ എന്ന സിനിമയിൽ അഭിനയിക്കാൻ അക്ഷയ് ഖന്നയുമായി കരാറായി. രണ്ടുകോടി പ്രതിഫലവും പറഞ്ഞുറപ്പിച്ചു. 21 ലക്ഷം അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ടു. എന്നാൽ, ഞങ്ങൾക്ക് അനുവദിച്ച ഡേറ്റ് മറ്റൊരു ചിത്രത്തിനായി നൽകി. ‘ആക്‌സിഡൻ്റൽ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അദ്ദേഹം ലണ്ടനിലേക്ക് പോയതോടെ എന്റെ സംഘത്തിന് ആറുമാസം വെറുതേയിരിക്കേണ്ടിവന്നു.’ മനീഷ് ഗുപ്ത പറഞ്ഞു.

‘ആ ചിത്രം പൂർത്തിയാക്കി വന്ന അക്ഷയ് ഖന്ന, എന്റെ ചിത്രത്തിൽ അഭിനയിക്കാൻ 3.25 കോടി രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ രണ്ടുകോടിക്ക് ഉറപ്പിച്ചിരുന്നിടത്താണിത്. മാത്രമല്ല, സിനിമയുടെ പൂർണ്ണ നിയന്ത്രണം തനിക്ക് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം അദ്ദേഹത്തിന്റെ സൗകര്യത്തിൽ വേണമെന്നും നിർബന്ധം പിടിച്ചു. എനിക്ക് അതിനോട് യോജിക്കാൻ കഴിഞ്ഞില്ല.’ മനീഷ് ഗുപ്ത കൂട്ടിച്ചേർത്തു.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത ‘ദൃശ്യം’ പരമ്പരയിലെ രണ്ടാംഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രമായാണ് അക്ഷയ് ഖന്ന ഹിന്ദിയിൽ വേഷമിടുന്നത്. മൂന്നാംഭാഗം ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് അക്ഷയ് ഖന്ന പിന്മാറ്റം അറിയിച്ചത്. അഭിഷേക് പഥക് സംവിധാനംചെയ്യുന്ന ചിത്രത്തിൽ കുമാർ മംഗത് പഥക് നിർമാതാക്കളിൽ ഒരാളാണ്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത ‘ധുരന്ധർ’ വിജയത്തിന് പിന്നാലെയായിരുന്നു അക്ഷയ് ഖന്നയുടെ പിന്മാറ്റ വാർത്ത പുറത്തുവന്നത്. ചിത്രത്തിൽ അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രം വലിയ തോതിൽ ആഘോഷിക്കപ്പെട്ടിരുന്നു.

2026 ഒക്ടോബർ രണ്ടിനാണ് ദൃശ്യം മൂന്നിന്റെ ഹിന്ദി പതിപ്പെത്തുക. “ദൃശ്യം 2′ മുതലാണ് അക്ഷയ് ഖന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിന്റെ ഭാഗമായത്. അഭിഷേക് പഥക് ആണ് ‘ദൃശ്യ’ത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. അലോക് ജെയ്നും അജിത് അന്ദാരയും ചേർന്നാണ് നിർമാണം. തബു, ശ്രീയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പനോരമ സ്‌റ്റുഡിയോസ് ആണ് നിർമാണം. ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഐജി തരുൺ അഹ്ലാവതായാണ് അക്ഷയ് ഖന്ന എത്തിയത്.