
തമിഴ്‌നാട് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ അർഹരായ കലാകാരന്മാരെ തഴഞ്ഞുവെന്ന് വിമർശിച്ച് തെന്നിന്ത്യൻ ബാല താരം മോണിക്ക ശിവ. അർഹരായ കലാകാരന്മാരെ തഴഞ്ഞുകൊണ്ട് രാഷ്ട്രീയവും സ്വാധീനവും പുരസ്കാര നിർണയത്തിൽ പ്രതിഫലിച്ചുവെന്ന് മോണിക്ക ശിവ ആരോപിച്ചു. കൂടാതെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നൽകിയതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും താരം ചൂണ്ടി കാണിച്ചു.
“എന്റെ അഞ്ചാം വയസ്സു മുതൽ ഞാൻ ഈ സിനിമാ മേഖലയിൽ അഭിനയിച്ചു വരികയാണ്. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ ഏകദേശം ഇരുപതോളം സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ പലതും പ്രേക്ഷകർ ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തവയാണ്. ചില സിനിമകൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ പോലും, ഞാൻ അവതരിപ്പിച്ച പല കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഓരോ വേഷത്തിനും എൻ്റെ പരമാവധി മികച്ച പ്രകടനം നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ‘കൈതി’, ‘രാക്ഷസൻ’, ‘കണാ’, ‘ആൺ ദേവതൈ’, ‘സംഗുചക്രം’ തുടങ്ങിയ സിനിമകളിൽ പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോൾ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ വ്യക്തിയുടെ പ്രകടനം അത്തരമൊരു അംഗീകാരത്തിന് അർഹമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് അവാർഡ് ലഭിക്കാത്തത് കൊണ്ടല്ല ഞാൻ ഈ വിഷയം സംസാരിക്കുന്നത്. എന്നാൽ ആ കാലയളവിൽ എന്നെപ്പോലെ തന്നെ ശക്തവും അർഥവത്തുമായ വേഷങ്ങൾ ചെയ്യുകയും പ്രേക്ഷകരുടെ അഭിനന്ദനം നേടുകയും ചെയ്‌ത ഒട്ടേറെ കുട്ടികളുണ്ടായിരുന്നു. അവർ ആർക്കെങ്കിലും ഈ അവാർഡ് ലഭിച്ചിരുന്നെങ്കിൽ, അർഹതപ്പെട്ടവർക്ക് തന്നെയാണ് അംഗീകാരം ലഭിച്ചതെന്ന് കരുതി എനിക്ക് അത് അംഗീകരിക്കാമായിരുന്നു. പക്ഷേ, ഇപ്പോൾ ഉണ്ടായ സാഹചര്യം എനിക്ക് അംഗീകരിക്കാൻ പ്രയാസമാണ്.” മോണിക്ക ശിവ പറഞ്ഞു.
“ഏറ്റവും പ്രധാനമായി, ഇത് വ്യക്‌തിപരമായ അഭിപ്രായങ്ങളാലോ സ്വാധീനത്താലോ നൽകപ്പെടുന്ന ഒരു സ്വകാര്യ അവാർഡല്ല. ഇത് സർക്കാർ നൽകുന്ന പുരസ്കാരമാണ്. യഥാർഥ പ്രതിഭകൾക്കുള്ള അഭിനന്ദനവും ഓരോ അഭിനേതാവിനും വളരെ പ്രധാനപ്പെട്ട ഒരു അംഗീകാരവുമാണിത്. ഇത്തരം അംഗീകാരങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്താതിരിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. സത്യത്തിൽ, ഈ വിഷയത്തെ ചോദ്യം ചെയ്യാനും അഭിസംബോധന ചെയ്യാനും എനിക്ക് അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ പുരസ്‌ക്കാരങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും പതുക്കെ നഷ്‌ടപ്പെടുകയാണ് ചെയ്യുന്നത്.” മോണിക്ക ശിവ കൂട്ടിച്ചേർത്തു.
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ ബാലതാരങ്ങളിൽ ഒരാളാണ് മോണിക്ക ശിവ. അഞ്ചാം വയസ്സിൽ അഭിനയരംഗത്തെത്തിയ മോണിക്ക, ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’ എന്ന ചിത്രത്തിലെ ‘അമുദ’ എന്ന കഥാപാത്രത്തിലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. തമിഴിലെ പ്രമുഖ താരങ്ങളായ വിജയ്ക്കൊപ്പം ‘ഭൈരവ’, വിഷ്ണു വിശാലിനൊപ്പം ‘രാക്ഷസൻ’ എന്നീ ചിത്രങ്ങളിലും മോണിക്ക മികച്ച പ്രകടനം കാഴ്‌ചവെച്ചു. മമ്മൂട്ടി നായകനായ ‘ദ് പ്രീസ്‌റ്റ്’ എന്ന സിനിമയിലൂടെ മലയാളികൾക്കും മോണിക്ക പ്രിയങ്കരിയായി മാറി. സങ്കീർണ്ണമായ വൈകാരിക രംഗങ്ങൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന മോണിക്ക, കാനാ, ആൺ ദേവതൈ, എറുമ്പ് തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. നിലവിൽ പ്ലസ് ടു വിദ്യാർഥിയായയ മോണിക്ക, ബാലതാരത്തിൽ നിന്നും നായികാനിരയിലേക്ക് വളരാൻ തയാറെടുക്കുന്ന തെന്നിന്ത്യൻ താരമാണ്.