
ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ച് മമ്മൂട്ടി–രാഹുൽ സദാശിവൻ ചിത്രം “ഭ്രമയുഗം“. അക്കാദമി മ്യൂസിയത്തിന്റെ ‘വേർ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ എന്ന പ്രത്യേക വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ കൂടിയായിരുന്നു “ഭ്രമയുഗം“. പ്രദർശനത്തിന് മുന്നോടിയായി ചിത്രത്തെയും, പശ്ചാത്തലത്തെയും പരിചയപ്പെടുത്തിയ അവതാരക മമ്മൂട്ടിയെ ‘മോളിവുഡ് ലെജൻഡ്’ എന്നാണ് വിശേഷിപ്പിച്ചത്. വിദേശികളടക്കമുള്ള കാണികൾ നിറഞ്ഞ കയ്യടികളോടെയാണ് ആ വിശേഷണത്തെ സ്വീകരിച്ചത്.
പ്രശസ്ത സിനിമാ പ്ലാറ്റ്ഫോമായ ലെറ്റർബോക്സ്ഡിൻ്റെ 2024-ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഭ്രമയുഗം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കൂടാതെ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർട്സിൽ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് ചിത്രം പാഠ്യവിഷയമാവുകയും ചെയ്തിരുന്നു. അത് പോലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നാല് പ്രധാന അവാർഡുകൾ ഭ്രമയുഗം സ്വന്തമാക്കിയിരുന്നു. മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടി സ്വന്തമാക്കിയപ്പോൾ, സിദ്ധാർത്ഥ് ഭരതൻ (സ്വഭാവ നടൻ), ക്രിസ്റ്റോ സേവ്യർ (പശ്ചാത്തല സംഗീതം), റോണക്സ് സേവ്യർ (മേക്കപ്പ്) എന്നിവരും പുരസ്ക്കാരത്തിനർഹരായി.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻ്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 50 കോടിയിലധികം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ, അമൽദ ലിസ് എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായകമായി. പരീക്ഷണാത്മക ചിത്രങ്ങളെയും വേറിട്ട കഥപറച്ചിലുകളെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആഗോള സിനിമാ പ്രേമികൾക്ക് മുന്നിൽ ഭ്രമയുഗം പ്രദർശിപ്പിക്കപ്പെട്ടത് മലയാള സിനിമയുടെ ക്രാഫ്റ്റ് മികവിനുള്ള മറ്റൊരു സാക്ഷ്യപത്രമാണ്.