തുടരുമിന്റെ വിജയത്തിന് നന്ദി പറഞ് മോഹൻലാൽ; തരംഗമായി സോഷ്യൽ മീഡിയയിലെ വൈകാരികമായ കുറിപ്പ്

','

' ); } ?>

തന്റെ ഏറ്റവും പുതിയ ചിത്രം ‘തുടരുമിന്’ ലഭിക്കുന്ന അഭിപ്രായങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ വൈകാരികകുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് താരത്തിന്റെ പ്രതികരണം.ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചെന്നും സിനിമയെ ചേർത്ത് നിർത്തിയതിന് നന്ദി എന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമ ആദ്യദിന ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. സിനിമയുടെ മേക്കിങ്ങും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്.

‘തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിൻ്റെ ഓരോ വാക്കുകളും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ചേർത്ത് നിർത്തിയതിന് നന്ദി.ഈ നന്ദി എന്‍റേത് മാത്രമല്ല. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിർമ്മിച്ചതാണ്. അത് വളരെ ആഴത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാൾ കൂടുതലാണ്. അതാണ് യഥാർത്ഥ അനുഗ്രഹം.ഹൃദയപൂര്‍വ്വം എന്‍റെ നന്ദി.’

‘തുടരും’ സിനിമയിൽ അവസരം നൽകിയതിന് സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി അറിയിച്ച് എഡിറ്റർ ഷഫീഖ് വി ബി രംഗത്ത് വന്നിട്ടുണ്ടായിരുന്നു.എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗത്തെ തുടർന്നായിരുന്നു ചിത്രത്തിൽ ഷഫീഖ് വി ബി എത്തിയിരുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ഘട്ടത്തിൽ തരുൺ നൽകിയ ഊർജം വളരെ വലുതായിരുന്നുവെന്ന് ഷഫീഖ് പറയുന്നു. ഒരു അനുജനെ പോലെ പല ഘട്ടത്തിലും തന്നെ ചേർത്ത് നിർത്തിയതിന്, തന്റെ 13 വർഷത്തെ കാത്തിരിപ്പ് സഫലമാക്കിയതിന് നന്ദിയുണ്ടെന്നും ഷഫീഖ് വി ബി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ചേട്ടനോട് എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഈ സിനിമയുടെ ഏറ്റവും വലിയൊരു വിഷമഘട്ടത്തിൽ ചേട്ടനെടുത്ത വലിയൊരു തീരുമാനം എനിക്ക് നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരമാണ്. ജൂനിയർ ആർട്ടിസ്റ്റ് , അസിസ്റ്റന്റ് ഡയറക്ടർ , അസിസ്റ്റന്റ് എഡിറ്റർ, ഓൺലൈൻ എഡിറ്റർ, ഫിലിം എഡിറ്റർ ഇങ്ങനെയുള്ള എന്റെ ജീവിത യാത്രയിൽ, കഴിഞ്ഞ ദീപാവലി അന്ന് വൈകിട്ട് ചേട്ടൻ എനിക്ക് തന്ന അവസരം. എന്റെ ജീവിതത്തിൽ അത്രയും വലിയൊരു സന്തോഷ നിമിഷം അതിന് മുൻപ് ഉണ്ടായിട്ടില്ല. സിനിമയുടെ എഡിറ്റിങ്ങിന്റെ ഓരോ ഘട്ടത്തിലും ചേട്ടൻ എനിക്ക് നൽകിയ ഊർജം വളരെ വളരെ വലുതായിരുന്നു. ഒരു അനുജനെ പോലെ പല ഘട്ടത്തിലും എന്നെ ചേർത്ത് നിർത്തി ഈ യാത്രയിൽ കൂടെ കൂട്ടിയതിന് എന്നെ വിശ്വസിച്ചതിന് നന്ദി എന്റെ പ്രിയപ്പെട്ട തരുൺ ചേട്ടന്,’ ഷഫീഖ് വി ബി കുറിച്ചു.

ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് അഞ്ച് കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.