
മോഹന്‍ലാല്‍-ശ്രീനിവാസന് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരത്തിന്റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ L 366 ന്റെ ലുക്കിൽ വീഡിയോ പങ്കുവെച്ച് കൊണ്ട് മോഹൻലാലാണ് തിയ്യതി പുറത്ത് വിട്ടത്. ഫെബ്രുവരി ആറിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും. 20 വര്‍ഷത്തിനുശേഷം എത്തുന്ന ചിത്രം 4K ദൃശ്യ മികവോടെയാണ് ഇത്തവണ എത്തുന്നത്.
സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന മികച്ച ചിത്രങ്ങളിലൊന്നാണ് ‘ഉദയനാണ് താരം‘. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി കരുണാകരനാണ് ചിത്രം നിര്‍മിച്ചത്. ഉദയഭാനുവായി മോഹന്‍ലാലും സരോജ്കുമാര്‍ എന്ന രാജപ്പനായി ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സിനിമയില്‍ മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.
ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവിന്റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിര്വഹിച്ചപ്പോള് പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു. എ. കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ത്രിബ്യൂഷന്‍ കൈകാര്യം ചെയ്യുന്നത്. എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസര്‍: കരീം അബ്ദുള്ള, ആര്‍ട്ട്: രാജീവന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ആന്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യന്, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇന്‍ചാര്‍ജ്: ബിനീഷ് സി കരുണ്‍, മാര്‍ക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാര്, ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന്: മദന്‍ മേനോന്, കളറിസ്റ്റ്: രാജ പാണ്ഡ്യന്(പ്രസാദ് ലാബ്), ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4സ റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്സിംഗ്: രാജാകൃഷ്ണന്, സ്റ്റില്‍സ്: മോമി & ജെപി, ഡിസൈന്‍സ്: പ്രദീഷ് സമ, പി.ആര്.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
കഴിഞ്ഞ വർഷം മോഹൻലാലിന്റേതായി പുറത്തിറങ്ങിയ റീ റിലീസ് ചിത്രങ്ങളൊക്കെ മികച്ച വിജയം നേടിയിരുന്നെങ്കിലും, ഒടുവിൽ പുറത്തിറങ്ങിയ റൺ ബേബി റണ്ണിന് മോശം പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ജോഷി സംവിധാനം ചെയ്ത് ഗാലക്സി ഫിലിംസിലൂടെ മിലൻ ജലീൽ നിർമിച്ച ചിത്രമാണ് റൺ ബേബി റൺ. 2012ൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സച്ചി-സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്.