“സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു”; എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് മോഹൻലാൽ

','

' ); } ?>

സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ‘എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും, അദ്ദേഹത്തിന് ഹൃദയവേദനയോടെ വിട ചൊല്ലുന്നുവെന്നും മോഹൻലാൽ കുറിച്ചു.’ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“മലയാള സിനിമയിൽ ഒരു കാലഘട്ടം മുഴുവൻ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട എസ്.പി. വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. എസ്.പിയുടെ മാന്ത്രികസ്പർശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മൾ നെഞ്ചോടുചേർത്തത്. രാജാവിൻ്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, കിലുക്കം, ദേവാസുരം തുടങ്ങി എൻ്റെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട.” മോഹൻലാൽ കുറിച്ചു.

എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ സ്ഫടികം എന്ന ചിത്രത്തിലെ ഏഴിമല പൂഞ്ചോല, ഗാന്ധർവം എന്ന ചിത്രത്തിലെ അബലത്വമല്ല അടിമത്വമല്ല എന്നീ ഗാനങ്ങളാണ് മോഹൻലാൽ പാടിയത്. 70കൾ മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളുടെ ഓർക്കസ്ട്രേഷനിൽ എസ്‌.പി. വെങ്കിടേഷ് സജീവമായിരുന്നു. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1981ൽ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ടി.പി. ബാലഗോപാലൻ എം.എ’ എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുന്നതിൽ എ.ടി. ഉമ്മറിന്റെ സഹായി ആയിരുന്നു. തുടർന്ന് അതേ വർഷം, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകൻ’ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ട് മലയാള സിനിമാ ഗാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്നങ്ങോട്ട് സിനിമാപ്രേമികളെ ത്രസിപ്പിച്ച നിരവധി പാട്ടുകളും പശ്ചാത്തല സംഗീതങ്ങളും ഒരുക്കി എസ്‌പിവി മലയാളത്തിൽ നിറഞ്ഞു. ചെന്നൈയിലെ വീട്ടിൽ ഇന്ന് രാവിലെ ശുചിമുറിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.