
മലയാള സിനിമയ്ക്ക് മികച്ച പ്രതിഭകളെ സമ്മാനിച്ച വേദിയാണ് കലോത്സവങ്ങളെന്ന് നടൻ മോഹൻലാൽ. മഞ്ജു വാര്യര്‍, നവ്യ നായര്‍, യദുകൃഷ്ണന്‍, ശരത് ദാസ്, കെ എസ് ചിത്ര, ജി വേണുഗോപാല്‍ എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞായിരുന്നു മോഹൻലാലിന്റെ പ്രസ്താവന. തൃശൂരില്‍ വെച്ച് നടക്കുന്ന 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയ്ക്ക് എത്രയോ മികച്ച പ്രതിഭകളെ യുവജനോത്സവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയായ അകാലത്തില്‍ പൊലിഞ്ഞ അമ്പിളി അയ്യപ്പന്റെ പേരിലാണ് ഒന്നാം സ്ഥാനം നേടുന്ന കോളേജിനുള്ള ട്രോഫി പിന്നീടുള്ള വര്‍ഷങ്ങളില്‍ നല്‍കിയിരുന്നത് എന്നാണ് ഓര്‍മ. പിന്നീട് അദ്ദേഹത്തിന്റെ മകള്‍ പൊന്നമ്പിളി സ്‌കൂള്‍ കലോത്സവങ്ങളില്‍ പ്രതിഭയായി, സിനിമകളില്‍ അഭിനയിക്കാനും ആ കുട്ടിയ്ക്ക് സാധിച്ചു.’ മോഹൻലാൽ പറഞ്ഞു.
പിന്നീട് നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട മഞ്ജു വാര്യര്‍, നവ്യ നായര്‍, യദു കൃഷ്ണന്‍, ശരത് ദാസ് തുടങ്ങിയവരൊക്കെ കലോത്സവവേദിയുടെ സംഭാവനകളാണ്. ഗായിക കെ എസ് ചിത്രയും ഗായകന്‍ ജി വേണുഗോപാലും കലോത്സവങ്ങളിലൂടെ വളര്‍ന്നുവന്ന താരങ്ങളാണ്. സമൂഹമാധ്യമങ്ങളൊക്കെ ഇത്രയേറെ ജനപ്രീതി ആര്‍ജിച്ചിട്ടും ഇന്ന് പല സംവിധായകരും സ്‌കൂള്‍,സര്‍വകലാശാല കലോത്സവങ്ങളില്‍ പ്രതിഭകളെ തേടി എത്താറുണ്ട്. കലോത്സവങ്ങള്‍ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള കേവലം അവസരങ്ങള്‍ മാത്രമല്ല, അതവര്‍ക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം സമ്മാനിക്കുന്നുണ്ട്. വ്യക്തിയെന്ന രീതിയില്‍ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നുണ്ട്. പങ്കുവെക്കേണ്ട രസം ശീലിപ്പിക്കുന്നുണ്ട്. തോല്‍വി വിജയത്തിലേക്കുള്ള പടവാണെന്ന തിരിച്ചറിവ് ഉണ്ടാക്കുന്നുണ്ട്. മത്സരിക്കുന്നതാണ് പ്രധാനം, അവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്.” മോഹൻലാൽ കൂട്ടിച്ചേർത്തു.
അതേസമയം, 64ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരാണ് സ്വന്തമാക്കിയത്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല കലാകിരീടം ചൂടുകയായിരുന്നു.