മോഹന്‍ലാല്‍ ആദ്യമായി ഒരു റേഡിയോ സിനിമയില്‍ നായകനായി എത്തുകയാണ്. കേരളത്തിലെ നമ്പര്‍ വണ്‍ എഫ്.എം. സ്റ്റേഷനായ ക്ലബ്ബ് എഫ്.എമ്മിലൂടെ ഇന്ന് രാത്രി 7 – മണിക്ക് സിനിമ റിലീസ് ചെയ്യും.ക്ലബ്ബ് എഫ്.എം., ഏഷ്യാനെറ്റ് മൂവീസുമായി ചേര്‍ന്ന് ലോക റേഡിയോചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത പ്രോഗ്രാമായ ‘ക്ലബ്ബ് എഫ്.എം. സിനിമാക്കഥ സീസണ്‍ 2’-ലൂടെയാണ് ഈ സിനിമ ഒരുക്കുന്നത്.
മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-ന് പിറന്നാള്‍സമ്മാനമായി റേഡിയോസിനിമ ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ‘ലാലേട്ടന്‍ ഇനി ഏത് ജോണറിലുള്ള സിനിമയില്‍ അഭിനയിച്ചുകാണാനാണ് നിങ്ങള്‍ക്കിഷ്ടം’ എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ ശ്രോതാക്കള്‍ പ്രതികരിച്ചത് അതൊരു ഹൊറര്‍ കോമഡി സിനിമയായിരിക്കണം എന്നതായിരുന്നു. അത്തരം ഒരു കഥയ്ക്കായുള്ള അന്വേഷണമാണ് ‘ഏയ്ഡന്‍-ദി എ ഐ സ്പിരിറ്റ്’ എന്ന സിനിമയായി ശ്രോതാക്കളിലേക്ക് എത്തുന്നത്.
മലയാളികളെ ഏറെ ചിരിപ്പിച്ച നടനും സംവിധായകനുമായ രമേഷ് പിഷാരടി, ക്ലബ്ബ് എഫ്.എം. സിനിമാക്കഥയുടെ ക്യൂറേറ്ററായി. പിഷാരടി കഥയ്ക്ക് തുടക്കമിട്ടു, തുടര്‍ച്ചയായ മൂന്നുദിവസങ്ങളില്‍ പ്രേക്ഷകര്‍ കഥയുടെ ബാക്കിഭാഗങ്ങള്‍ അവരവരുടെ ഭാവനയ്ക്കനുസരിച്ച് പൂരിപ്പിക്കാന്‍ തുടങ്ങി. ക്ലബ്ബ് എഫ്.എം. ശ്രോതാക്കള്‍ ആര്‍.ജെ.കളോടുപറഞ്ഞ കഥകള്‍ വിലയിരുത്തിയശേഷം രമേഷ് പിഷാരടിയും ക്ലബ്ബ് എഫ്.എം. സംഘവും സിനിമാക്കഥയ്ക്ക് ഒരു രൂപമുണ്ടാക്കി. ആ സിനിമയുടെ ട്രെയ്ലര്‍, ആനിമേഷന്‍ സിനിമാരൂപത്തില്‍ ഏഷ്യാനെറ്റ് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി ക്ലബ്ബ് എഫ്.എം. നല്‍കി.
ട്രെയി്ലര്‍ കണ്ടശേഷം മോഹന്‍ലാല്‍ ഇതിലെ പ്രധാന കഥാപാത്രമായ ബസ് ഡ്രൈവര്‍ രഘൂത്തമന്‍ എന്ന കഥാപാത്രത്തിന് ശബ്ദംനല്‍കാന്‍ തയ്യാറാവുകയായിരുന്നു. സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മാതൃഭൂമി സോഷ്യല്‍മീഡിയ ക്രിയേറ്റീവ് ഹെഡ് ആയ പ്രിയരാജ് ഗോവിന്ദരാജാണ്. മോഹന്‍ലാലിനെക്കൂടാതെ, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, സുനില്‍ സുഖദ, രാജേഷ് ശര്‍മ, മഹേഷ് കുഞ്ഞുമോന്‍ എന്നിവരും ക്ലബ്ബ് എഫ്.എം. റേഡിയോ ജോക്കികളും സഹപ്രവര്‍ത്തകരും ഇതിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു. ശബ്ദങ്ങളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ക്ലബ്ബ് എഫ്.എം. ഈ സിനിമ ഒരുക്കുന്നത്. സംഗീതം ജോജു സെബാസ്റ്റ്യന്‍, മ്യൂസിക് പ്രോഗ്രാമിങ് അഭിജിത് രവികുമാര്‍ എന്നിവരും വിനീത്കുമാര്‍ ടി.എന്‍. സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു.