
കാനഡ പ്രവിശ്യയിലെ ന്യൂ ബ്രണ്‍സ്വികിലെ എഎംസി തിയറ്ററിൽ ‘ഹൃദയപൂര്‍വം’ സിനിമ കാണാനെത്തി നടൻ മോഹൻലാലും കുടുംബവും.അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ. ഭാര്യ സുചിത്ര മോഹൻലാലിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്. ആർപ്പുവിളികളോടെയാണ് തങ്ങളുടെ പ്രിയതാരത്തെ ആരാധകർ സ്വീകരിച്ചത്. സിനിമ കണ്ട ശേഷം ഏവർക്കും സ്നേഹാശംസകൾ നൽകിയ ശേഷം മോഹൻലാൽ മടങ്ങുകയായിരുന്നു. അതേസമയം വിദേശത്തും വൻ വരവേൽപ്പ് ലഭിച്ച ചിത്രത്തിന് ഇന്ത്യയില്‍ മാത്രം 3.35 കോടി നെറ്റ് കലക്ഷനായി ആദ്യദിനം നേടിയെന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ചിത്രം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. പൂനയിലും കേരളത്തിൽ കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പ്രേക്ഷകർക്കിടയിലെ ഏറെ തരംഗം സൃഷ്ട്ടിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാൽ കോമ്പിനേഷൻ. 2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു സത്യന് അന്തിക്കാടും മോഹന്‍ലാലും ഒടുവിൽ ഒരുമിച്ചിരുന്നത്.
മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.