
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലെന്നു പേരുകേട്ട ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാടായി മോഹന്‍ലാല്‍. 2003-ലെ കേരളപ്പിറവി ദിനത്തില്‍ മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘കഥയാട്ടം’ 17 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാഴ്ചക്കാരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ പങ്കുവെച്ചത്. മലയാള നോവല്‍ സാഹിത്യത്തിലെ 10 അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാസംരംഭമാണ് കഥയാട്ടം. മലയാള ഭാഷയുടെ വീണ്ടെടുപ്പിനായി മലയാള മനോരമ നടത്തിയ ‘എന്റെ മലയാളം’ എന്ന പദ്ധതിയുടെ ഭാഗമായിരുന്ന കഥയാട്ടം സംവിധാനം ചെയ്തത് ടി.കെ. രാജീവ്കുമാര്‍ ആണ്. ഇന്ന് മുതല്‍ 10 ദിവസത്തേക്ക് എന്നും രാവിലെ 10 മണിക്ക് ഓരോ കഥാപാത്രങ്ങളുമായി കഥയാട്ടം എത്തുകയാണ്
മരുമക്കത്തായ ആചാരങ്ങളുടെ പ്രതിരൂപമായ പഞ്ചുമേനോനും സമുദായ മേല്‍ക്കോയ്മയുടെയും ആണ്‍മേധാവിത്വത്തിന്റെയും പ്രതിനിധിയായ വിടനും ഭോഷനുമായ സൂരിനമ്പൂതിരിപ്പാടും അവര്‍ക്കിടയില്‍ അനുരാഗബദ്ധരും ആധുനികരുമായ മാധവനും ഇന്ദുലേഖയുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. അഴകിയ രാവണനായി ഇന്ദുലേഖയെ കാണാന്‍ ഒരുങ്ങിപ്പുറപ്പെടുന്ന, ചമയമണിഞ്ഞ് യാത്രക്ക് സന്നദ്ധനായി കൂട്ടിലിട്ട വെരുകിനെപ്പോലെ കലശല്‍കൂട്ടുന്ന സൂരി നമ്പൂതിരിപ്പാട്. കഥകളിപ്പദവും ശൃംഗാര മുദ്രകളും അകമ്പടി. ഇന്ദുലേഖയുടെ സൗന്ദര്യം കേട്ടുകേട്ട് നിവൃത്തിയില്ലാതായി തേടിച്ചെല്ലുന്ന സൂരി നമ്പൂതിരിപ്പാടായി വേദിയില്‍ എത്തിയ വീഡിയോയാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.