“‘ദൃശ്യം 2’വിന്റെ ഒടിടി റിലീസ് മലയാള സിനിമയെ ആഗോളതലത്തിൽ എത്താൻ സഹായിച്ചിട്ടുണ്ട്”; മോഹൻലാൽ

','

' ); } ?>

കോവിഡ് പ്രതിസന്ധിക്കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ‘ദൃശ്യം 2’ മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കാൻ സഹായിച്ചുവെന്ന് നടൻ മോഹൻലാൽ. തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കാത്തതിലെ നിരാശയെക്കാൾ, ഒടിടി റിലീസിലൂടെ ചിത്രം നേടിയ വമ്പൻ സ്വീകാര്യതയാണ് തനിക്ക് സന്തോഷം നൽകിയതെന്നും, സിനിമ പുറത്തിറങ്ങിയതിന് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണത്തിനായി പോയപ്പോൾ, വ്യത്യസ്ത ഭാഷക്കാരും നാടുകളിലുള്ളവരും ‘ദൃശ്യം 2’ കണ്ട അനുഭവങ്ങൾ തന്നോട് നേരിട്ട് വന്ന് പങ്കുവെച്ചുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകളും അനുഭവങ്ങളും പങ്കുവെച്ചത്.

‘ദൃശ്യം എന്ന ഫ്രാഞ്ചൈസി മാത്രമല്ല മലയാള സിനിമ തന്നെ പുറം ലോകത്ത് അറിയപ്പെടാൻ കാരണമായ ചിത്രങ്ങളിലൊന്നാണ് ദൃശ്യം 2. ബിഹാറിലും ജയ്‌സാൽമറിലും വരെയുള്ള ആൾക്കാർ എന്നോട് വന്ന് ദൃശ്യം 3 എപ്പോഴാണ് വരുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അവരെല്ലാം മലയാളത്തിൽ ദൃശ്യം കണ്ടവരായിരുന്നു. ഒറിജിനൽ സിനിമ സബ്‌ടൈറ്റിലൊക്കെ വെച്ച് കാണാനാണ് അവർ ആഗ്രഹിക്കുന്നത്.’ മോഹൻലാൽ പറഞ്ഞു.

‘ദൃശ്യം 2 ഒടിടിയിൽ ഇറക്കുക എന്നത് നമ്മൾ മനപ്പൂർവ്വം എടുത്ത തീരുമാനം അല്ലായിരുന്നു. കൊവിഡ് സമയത്ത് നമുക്ക് വേണമെങ്കിൽ സിനിമ ചെയ്യാതെ ഇരിക്കാം. പക്ഷെ നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന ഒരുപാട് ആൾക്കാരും അവരുടെ കുടുംബങ്ങളും ജോലിയില്ലാതെ ബുദ്ധിമുട്ടും. അങ്ങനെ സംഭവിക്കരുതല്ലോ. അങ്ങനെ സിനിമകൾ ഒടിടിയ്ക്കായി ചെയ്തു. കൊവിഡ് കാലത്ത് ഏഴോളം സിനിമകളാണ് ഞാൻ ഏറ്റവും ചെയ്തത്. ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് ഞാനായിരുന്നു. ഏഴോളം സിനിമകൾ ചെയ്തു. ഒടിടിയ്ക്കായി ചെയ്ത് ചില സിനിമകൾ പിന്നീട് തിയേറ്ററിലിറങ്ങി. അവ പലതും മോശമായി പോവുകയും ചെയ്തു.’ മോഹൻലാൽ കൂട്ടിച്ചേർത്തു.

അതേസമയം, ദൃശ്യം 3 മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടുന്നത്. മെയ് 21ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 50 കോടിയ്ക്കടുത്ത് കളക്ഷൻ നേടിയിരുന്നു. ചിത്രം വൈകാതെ തന്നെ പല കളക്ഷൻ റെക്കോർഡുകളും മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നാലാം ഭാഗത്തിനുള്ള സാധ്യതകളും തുറന്നുവെക്കുന്നുണ്ട്.