ജിസ് ജോയ് ചിത്രം മോഹന്‍ കുമാര്‍ ഫാന്‍സ് എല്ലാതരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്. സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും സിനിമയേയും ജീവിതത്തേയും ബന്ധപ്പെടുത്തി ഹൃദയഹാരിയായി കഥ പറഞ്ഞുവെന്നതാണ് മോഹന്‍കുമാര്‍ ഫാന്‍സിന്റെ വിജയം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളിത്തിരയില്‍ താരമായിരുന്ന മോഹന്‍കുമാര്‍ ഒരു സമാന്തര സിനിമയിലൂടെ വീണ്ടും തന്റെ സിനിമാ അഭിനിവേശവുമായി എത്തുകയാണ്. ആ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയിട്ടും വലിയ വാണിജ്യസിനിമകളോട് മല്ലിടാനാകാതെ തിയേറ്റര്‍ വിടേണ്ടി വരുന്നു.
മോഹന്‍കുമാര്‍ എന്ന നടന്റെ വൈകാരിക പ്രകടനങ്ങളാല്‍ സമാന്തര സിനിമയായി മാറിയേക്കാമായിരുന്ന ചിത്രത്തെ തീര്‍ത്തും കൊമേഴ്‌സ്യലായി ഒരുക്കിയതിനാണ് ജിസ് ജോയ് കയ്യടി അര്‍ഹിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് തൊട്ട് തിരക്കഥയുടെ ഒരോഘട്ടത്തിലും ഈ സൂക്ഷ്മതയുള്ളത് കൊണ്ട് തന്നെ കണ്ണീരും, ചിരിയും, പാട്ടും, നൃത്തവുമെല്ലാമായി എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ചേരുവകളാല്‍ ഒരു ഫീല്‍ ഗുഡ് മൂവി ഒരുക്കാന്‍ ജിസ് ജോയിക്കായി. സിദ്ദിഖിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആദ്യാവസാനം വരെയുള്ള പ്രത്യേകത. വിനയ് ഫോര്‍ട്ട്, കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, കെ.പി.എ.സി ലളിത, അലന്‍സിയര്‍, സൈജു കുറുപ്പ് എന്നിവര്‍ക്കൊപ്പം പുതുമുഖമായിരുന്നിട്ടും അനാര്‍ക്കലി നാസറും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കുമപ്പുറം അവരെ മാനസികമായി ചിത്രത്തിലേക്ക് അടുപ്പിക്കാനുള്ള രസതന്ത്രം മതിയാകും വിജയത്തിനെന്ന് ജിസ ്‌ജോയ് കൃത്യമായി കാണിച്ചു തരുന്നുണ്ട്. ബോബി സഞ്ജയ് ടീമിന്റെ കഥയ്ക്ക് തിരക്കഥയും സംവിധാനവുമൊരുക്കിയത് ജിസ് ജോയ് ആണ്. ബാഹുല്‍ രമേഷിന്റെ ഛായാഗ്രഹണം, രതീഷ് രാജിന്റെ ചിത്രസംയോജനം, പ്രിന്‍സ് ജോര്‍ജ്ജിന്റെ സംഗീതം, വില്ല്യം ഫ്രാന്‍സിസിന്റെ പശ്ചാതല സംഗീതം എന്നിവയെല്ലാം തന്നെ ചിത്രത്തിന് സാങ്കേതിക പൂര്‍ണ്ണത നല്‍കി. ചിത്രത്തിന്റെ ആദ്യാവസാനം മനുഷ്യന്‍ എവിടെയെല്ലാം തളരുന്നുവോ അവിടെയെവിടെയെങ്കിലും തന്നെ പോസിറ്റീവ് എനര്‍ജിയുണ്ടെന്ന് പല കഥാപാത്രങ്ങളാലും വിളിച്ചു പറയുന്ന മോഹന്‍കുമാര്‍ ഫാന്‍സ് കുടുംബമായി തന്നെ തിയേറ്ററില്‍ ചെന്ന് കാണാം.