ഇട്ടിമാണി മാസ്സാണ് മനസ്സുമാണ്…!

','

' ); } ?>

ആദ്യ നോട്ടത്തില്‍ തന്നെ പ്രേക്ഷകരെ തന്റെ കയ്യിലെടുത്തയാളാണ് മോഹന്‍ ലാലിന്റെ ഇട്ടിമാണി എന്ന കഥാപാത്രം. ചിത്രത്തിന്റെ ആദ്യ വിവരങ്ങള്‍ പുറത്ത് വരുന്ന വേളയില്‍ ലാല്‍ തന്നെ തന്റെ പേജിലൂടെ പങ്കുവെച്ച സ്റ്റില്‍ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ഏറ്റെടുത്തു. ഇപ്പോഴിതാ കണ്ണിറുക്കി പ്രേക്ഷകരെ വലയിലാക്കാന്‍ ഇട്ടിമാണി വീണ്ടുമെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്ററിലാണ് ഇട്ടിമാണി വീണ്ടും ഈ കള്ളനോട്ടവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഔദ്യോഗിക പേജിലൂടെ ഈ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. സെമിത്തേരിയില്‍ കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതിനിടെ ആരെയോ കണ്ണിറുക്കി കാണിക്കുന്ന ഇട്ടിമാണിയുടെ ചിത്രമാണ് പോസ്റ്ററില്‍.

ഒപ്പം ചിത്രത്തിന്റെ മറ്റൊരു വിശേഷം കൂടി ഇട്ടിമാണിയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വരുന്ന ഓണത്തിന് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തിയേറ്ററുകളിലെത്തും.

ടാഗ് ലൈനായി ഇട്ടിമാണി മാസ്സാണ് മനസ്സുമാണ് എന്നും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. മോഹന്‍ ലാലിന്റെ മറ്റൊരു രസികന്‍ എന്റര്‍റ്റെയ്‌നര്‍ കഥാപാത്രം തന്നെയാണ് ഇട്ടിമാണിയിലൂടെയെത്തുന്നതെന്നാണ് ഇതില്‍ നിന്നും ഉറപ്പിക്കാം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ ജിബിയും ജോജുവും ചേര്‍ന്നാണ്. ചിത്രത്തില്‍ ഹണി റോസാണ് നായികയായെത്തുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനല്‍’ എന്ന ചിത്രത്തിലാണ് ഹണി റോസ് അവസാനമായി മോഹന്‍ലാലിനൊപ്പം നായികയായെത്തിയത്.

ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാധിക ശരത്കുമാര്‍ തുടങ്ങിയ ഒരു നീണ്ട നിരതന്നെയുണ്ട് ചിത്രത്തില്‍. നരന്‍, പുലിമുരുഗന്‍, ഒടിയന്‍ എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൂര്യ, മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന കെ വി ആനന്ദ് ഒരുക്കിയ തമിഴ് ചിത്രം കാപ്പാനും ഉടന്‍ റിലീസിങ്ങിനായൊരുങ്ങുന്നുണ്ട്.