മിര്‍സാപൂര്‍ വെബ് സീരീസ് സീസണ്‍ 2 പുറത്തിറങ്ങി. ഗുര്‍മീത് സിങും മിഹിര്‍ ദേസായിയും ആമസോണ്‍ പ്രൈമിനു വേണ്ടി നിര്‍മ്മിച്ച മിര്‍സാപൂര്‍ വെബ് സീരീസ് സീസണ്‍ 1 ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ക്രൈം ഡ്രാമ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മിര്‍സാപൂര്‍ സീരീസിന്റെ സീസണ്‍ 1 ന്റെ തുടര്‍ച്ചയാണ് സീസണ്‍ 2.
എല്ലാതരം പ്രേക്ഷകരെയും കാണാന്‍ തോന്നിപ്പിക്കുന്ന തരത്തില്‍ കൃത്യമായി വാണിജ്യ ചേരുവകള്‍ ചേര്‍ത്ത് അതീവ ആകാംക്ഷ നിറച്ചാണ് സീസണ്‍ 1 ഒരുക്കിയത്. മികവുറ്റ ദൃശ്യങ്ങളും സാങ്കേതിക മികവും ഒത്തു ചേര്‍ന്നപ്പോള്‍ മിര്‍സാപൂര്‍ സീസണ്‍ വണിലെ ഓരോ എപ്പിസോഡും ഒരു സിനിമാ അനുഭവം തന്നെയായിരുന്നു ആസ്വാദകര്‍ക്ക് നല്‍കിയിരുന്നത്.
എന്നാല്‍ സീസണ്‍ 1 ല്‍ നിന്നും സീസണ്‍ 2 വിലേക്ക് എത്തുമ്പോള്‍ സീരീസിന് പഴയ ഷാര്‍പ്പ്‌നെസ് നഷ്ടപ്പെട്ടു എന്ന തോന്നലാണ് ഉണ്ടാക്കിയത്. കഥാപാത്രങ്ങള്‍ നേരെത്തെ രജിസ്റ്റര്‍ ചെയ്തതിനാല്‍ കഥാഗതിയുടെ പിറകെ ആയിരിക്കും പ്രേക്ഷകന്റെ മനസെന്ന് മനസിലാക്കുമ്പോഴാണ് പ്രേക്ഷകനെ കൂട്ടുന്നത്.
പ്രവചിക്കാവുന്ന കഥാഗതി, അതിന്റെ കൂടെ നാടകീയതയുടെ അതിപ്രസരം കൂടെചേരുമ്പോള്‍ മിര്‍സാപൂര്‍ സീസണ്‍ 2 പലപ്പോഴും ഇഴഞ്ഞാണ് നീങ്ങിയത്. 2 വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തിയ മിര്‍സാപൂര്‍ സീസണ്‍ 2 പലപ്പോഴും അനാവശ്യ സംഭവങ്ങവളിലൂടെ പ്രേക്ഷകനെ വട്ടം കറക്കുകയാണ്. മിര്‍സാപുര്‍ സീസണ്‍ 2 പുതിയ കഥാപാത്രങ്ങളെ മാത്രമാണ് പുതുമയോടെ നല്‍കിയത്. ഇഷ തല്‍വാറും വിജയ് വര്‍മ്മയുമാണ് സീരീസില്‍ പുതിയതായി എത്തിയ താരങ്ങള്‍. കൊലപാതകവും പ്രതികാരവും, ഇതിന്റെ തുടര്‍ച്ച മാത്രമേ മിര്‍സാപൂറിന് പറയാനുളളൂ എന്ന വ്യക്തമാക്കിയാണ് മിര്‍സാപൂര്‍ സീസണ്‍ 2 അവസാനിക്കുന്നത്.
ഈ ചോരകളിക്ക് ഇനിയൊരു സീസണ്‍കൂടെ ആവശ്യമുണ്ടോ അല്ലെങ്കില്‍ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള എന്ത് പുതുമായാണ് ഇനി വരാനിരിക്കുന്ന സീസണില്‍ നല്‍കാനുള്ളതെന്ന് ചിന്തിക്കാതെ മിര്‍സാപുറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പോകാനാകില്ല.