മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന് ഒരു സൂപ്പര്‍ ഹീറോയെ ലഭികകുന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമയായി മിന്നല്‍ മുരളി മാറി. അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ നെറ്റഫ്‌ലിക്‌സ് ഇന്ത്യ പുറത്തുവിട്ട ചിത്രം വൈറലാകുന്നത്.
മിന്നല്‍ മുരളിയായി ടൊവിനോ തോമസും സ്‌ട്രെഞ്ചര്‍ തിങ്ക്‌സ് എന്ന സീരിസിലെ വെക്‌ന(വണ്‍) എന്ന കഥാപാത്രമായി ബോളിവുഡ് താരം വിജയ് വര്‍മയുമാണ് ഫോട്ടോയിലുള്ളത്. ‘നെറ്റ്ഫ്‌ലിക്‌സിന്റെ കവാടങ്ങള്‍ തുറന്നു, യൂണിവേഴ്‌സുകള്‍ ഒന്നിക്കുന്നു’ എന്നാണ് ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. ‘വിജയ് വെക്‌ന ഃ മിന്നല്‍ മുരളി 11നെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നത് എന്താണെന്നാണ് വിജയ് വര്‍മ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇനി കാത്തിരിക്കാനാവില്ലെന്ന് ആരാധകര്‍ കുറിച്ചു.
ഒപ്പം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉടനുണ്ടായേക്കുമെന്ന സൂചനയും നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നല്‍കുന്നുണ്ട്. പുതിയ ചിത്രത്തില്‍ മിന്നല്‍ മുരളിയുടെ ഹെയര്‍സ്‌റ്റൈലിലും താടിയിലുമൊക്കെ ചെറിയ വ്യത്യാസം കാണുന്നുണ്ട്. കുറ്റിത്താടിക്ക് പകരം കട്ടത്താടിയും അലസമായ ഹെയര്‍സ്‌റ്റൈലിനു പകരം വൃത്തിയായി ചീകിയൊതുക്കിയ സ്‌റ്റൈലുമാണ് ഫോട്ടോയില്‍ കാണുന്നത്.
എന്നാല്‍ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം മൂന്നു വര്‍ഷത്തിനു ശേഷമേ ഉണ്ടാകൂ എന്ന് ബേസില്‍ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഭാഗം ഒടിടിയിലായിരുന്നെങ്കില്‍ രണ്ടാം ഭാഗം തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. അതേസമയം മിന്നല്‍ മുരളി ഒരുക്കിയതിന് സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസിലിനു ലഭിച്ചിരുന്നു.മലയാളം,തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിലായിട്ടാണ് മിന്നല്‍ മുരളി റിലീസ് ചെയ്തത്. ടൊവിനോ ജെയ്‌സണ്‍,മിന്നല്‍ മുരളി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ തമിഴ് നടന്‍ ഗുരു സോമസുന്ദരമാണ് വില്ലനായി എത്തിയത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്‌സണ്‍ സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. അജു വര്‍ഗീസ്, ബൈജു, മാമുക്കോയ, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.