“ഇതുവരെയില്ലാത്ത പ്രശ്‌നമാണ് ഇത്തവണ ചലച്ചിത്രമേളയിലുണ്ടായത്, കേന്ദ്രം ആരെയാണ് ഭയക്കുന്നത്?”; രൂക്ഷ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍

','

' ); } ?>

ഐഎഫ്എഫ്‌കെയില്‍ 19 സിനിമകളുടെ പ്രദർശനം വിലക്കിയതിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. മേളയ്ക്ക് തുരങ്കം വെയ്ക്കുന്ന തരത്തിലാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായിരിക്കുന്നതെന്നും, ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ലോകപ്രശസ്തമായ ക്ലാസിക്കല്‍ സിനിമകളായ പലസ്തീന്‍ ചലച്ചിത്രങ്ങള്‍ കാണിക്കേണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും, കേന്ദ്രസര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നതെന്നും മന്ത്രി ചോദിച്ചു.

“ഇതുവരെയില്ലാത്ത പ്രശ്‌നമാണ് ഇത്തവണ ചലച്ചിത്രമേളയിലുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയുള്ള ബോധപൂര്‍വമായ ഇടപെടലാണ്. ഇതുവരെ ഇങ്ങനെ ഒരു ഇടപെടല്‍ കേന്ദ്രം നടത്തിയിട്ടില്ല. ഇങ്ങനെയെങ്കില്‍ അടുത്ത പ്രാവശ്യം ചലച്ചിത്രമേള നടക്കുമോയെന്ന് ആശങ്കയുണ്ട്. അടിയന്തരമായി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിഷയം ഇടപെടണം. എല്ലാ സിനിമകളും കാണാന്‍ അവസരം ഒരുക്കണം. സിനിമ വിലക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.” സജി ചെറിയാൻ പറഞ്ഞു.

“ലോകത്തെ സാമൂഹികാന്തരീക്ഷം, രാഷ്ട്രീയ വീക്ഷണങ്ങള്‍, മറ്റ് മൗലികമായ പ്രസക്തികള്‍ തുടങ്ങിയവ പുതിയ തലമുറയ്ക്ക് പഠിക്കാന്‍ കഴിയുന്ന വലിയ മേളയാണ് നടക്കുന്നത്. കേരളത്തിലെ സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മേളയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ മേളകളിലൊന്നാണിത്. സിനിമാ ടൂറിസത്തിന്റെ ഏറ്റവും വലിയ മേള കൂടിയാണിത്. ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് മേള കാണാനായി എത്തുന്നത്. സിനിമാ ടൂറിസത്തിലൂടെ നമ്മുടെ സമ്പദ് ഘടനയില്‍ കാതലായ മാറ്റം വരുത്താന്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ എല്ലാ തരത്തിലും കേന്ദ്രം കേരളത്തെ ദ്രോഹിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയാരെങ്കിലും രാജ്യാന്തര മേള കാണാന്‍ വരുമോ?.” സജി ചെറിയാൻ കൂട്ടിച്ചേർത്തു.

സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയത്. പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പലസ്തീന്‍ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ല്‍ഷിപ്പ് പൊട്ടെംകിന്‍, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദര്‍ശനാനുമതി ലഭിക്കാത്ത മറ്റു ചിത്രങ്ങൾ.